ഷാർജയിലെ വിദേശ നിക്ഷേപത്തിൽ വൻ വർദ്ധനവെന്ന് റിപ്പോർട്ട്
ഷാർജ : ഷാർജയിലെ വിദേശനിക്ഷേ പത്തിൽ വൻ വർദ്ധനവെന്ന് റിപ്പോർട്ട്. 5.97 ബില്യൺ ദിർഹം വിദേശ നിക്ഷേപമാണ് 2017−ൽ രേഖപ്പെടുത്തിയത്. 2016ലെ വിദേശ നിക്ഷേപത്തിന്റെ ഇരട്ടിയാണിത്. ഇന്ത്യയാണ് വിദേശ നിക്ഷേപകരുടെ പട്ടികയിൽ ഒന്നാമത്. എട്ടാംമത് വാർഷിക നിക്ഷേപസംഗമത്തിൽ (എയിം 2018) ഷാർജയുടെ നിക്ഷേപകാര്യ വിഭാഗം ഇൻവെസ്റ്റ് ഇൻ ഷാർജയാണ് പുതിയ കണക്കുകൾ പുറത്തു വിട്ടത്.
കണക്കുകൾ പ്രകാരം 2017−ൽ 5.97 ബില്യൺ ദിർഹം വിദേശനിക്ഷേപം ആകർഷിച്ച ഷാർജയ്ക്ക് ജി.ഡി.പി.യിൽ അഞ്ചുശതമാനം വളർച്ച കൈവരിക്കാനായി. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും എമിറേറ്റിന്റെ ജീവിതനിലവാരം വർദ്ധിപ്പിക്കുന്നതിലും നിർണായകമായ മാറ്റങ്ങളാണ് വിദേശ നിക്ഷേപമുണ്ടാക്കിയത്. നിക്ഷേപപട്ടികയിൽമുന്നിട്ടുനിൽക്കുന്നത് ഇന്ത്യയാണ് എന്നത് പ്രവാസി സമൂഹത്തിലെ തൊഴിൽ അന്വേഷകർക്ക് അനുകൂല സൂചനയാണ്. 2017−ൽ മാത്രം ഷാർജയിൽ സൃഷ്ടിക്കപ്പെട്ടത് 5000 പുതിയ തൊഴിൽ അവസരങ്ങളാണ്.
വാർഷിക നിക്ഷേപ സംഗമവേദിയിൽ ഷാർജ ഇക്കണോമിക് വകുപ്പുമായി ചേർന്ന് സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ ഇൻവെസ്റ്റ് ഇൻ ഷാർജ സി.ഇ.ഒ ജുമാ അൽ മുഷറഖാണ് ഷാർജയുടെ വളർച്ചയിലേക്ക് വിരൽ ചൂണ്ടുന്ന നിക്ഷേപ കണക്കുകൾ പുറത്തുവിട്ടത്. പതിനെട്ടു പുതിയ വ്യവസായങ്ങളിൽ നിന്നായി മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം വിദേശനിക്ഷേപം ആകർഷിക്കാൻ 2017−ൽ ഷാർജയ് ക്കായി.
മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിനും മികച്ച അടിസ്ഥാന സൗകര്യങ്ങൾക്കും സേവനമികവിനുമുള്ള ഉത്തമ ഉദാഹരണമാണ് ഈ വളർച്ച. അറബ് മേഖലയിലെ ഏറ്റവും മികച്ച നിക്ഷേപകേന്ദ്രമായി ഷാർജ മാറുകയാണെന്ന് −ജുമാ അൽ മുഷറഖ് പറഞ്ഞു.

