ദുബൈയിൽ 25 കിലോമീറ്റർ ഹൈവേ ഇന്ന് ഗതാഗതത്തിനായി തുറക്കും
ദുബൈ : ദുബൈയിൽ 25 കിലോമീറ്റർ ദൈർഘ്യത്തിലുള്ള പുതിയ ഹൈവേ ബുധനാഴ്ച ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ദുബൈ −അൽഐൻ ഹൈവേയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ റോഡ്. ഇത് സമീപവാസികൾക്കും ദ് വില്ല, റെംറാം, ഫാൽക്കൺ സിറ്റി പദ്ധതി പ്രദേശത്തെ ജനങ്ങൾക്കും ഏറെ പ്രയോജനം ചെയ്യും.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും എമിറേറ്റ്സ് റോഡിനും സമാന്തരമായുള്ള ഈ റോഡ് അൽഐൻ റോഡിലെയും സമീപ പ്രദേശത്തെ മറ്റു ഹൈവേകളിലെയും ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഉപകരിക്കും. 47.4 കോടി ദിർഹം ചെലവിലാണ് എട്ടു വരി പാത നിർമ്മിച്ചത്.

