പൂച്ചകളെ നന്നായി പരിപാലിച്ചില്ല : യുവതിയെ നാടുകടത്താൻ ഉത്തരവ്
അബുദാബി : വീട്ടിൽ വളർത്തിയിരുന്ന പൂച്ചകളെ വേണ്ടവിധത്തിൽ പരിപാലിക്കാത്തിന് അറബ് വംശജയായ യുവതിയെ നാടുകടത്താനും പിഴ നൽകാനും അബുദാബി കോടതി ഉത്തരവിട്ടു. വളർത്തു മൃഗങ്ങളോട് മോശമായി പെരുമാറുകയും പട്ടിണിക്കിടുകയും അനുവാദം കൂടാതെ വിൽക്കുകയും ചെയ്തു എന്ന കുറ്റമാണ് യുവതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
പൂച്ചകളെ വളർത്തിയ ശേഷം ആവശ്യക്കാർക്ക് വിൽക്കുകയായിരുന്നു യുവതിയുടെ പതിവ്. ഇത്തരത്തിൽ 40 പൂച്ചകളെയാണ് യുവതി സ്വന്തം വില്ലയിൽ ഒരു മുറിയിൽ അടച്ചിട്ട് വളർത്തിയത്. വില്ലയിലെ വളരെ ഇടുങ്ങിയ ഒരു മുറിയിൽ സ്വതന്ത്ര്യമായി നടക്കാനുള്ള സാഹചര്യം പോലും പൂച്ചകൾക്ക് ഉണ്ടായിരുന്നില്ല. വേണ്ടത്ര പോഷകം ലഭിക്കാതിരുന്നതിനാൽ ശരീരം വളരെയധികം ശോഷിച്ച അവസ്ഥയിലായിരുന്നു.
യുവതി താമസിച്ച വില്ലയിൽ നിന്ന് ദുർഗന്ധം പുറത്തേക്ക് വരുന്നതായി കാണിച്ച് സമീപവാസികൾ പോലീസിൽ പരാതി കൊടുക്കുകയും തുടർന്ന് പോലീസ് എത്തി പരിശോധിക്കുകയും ചെയ്തു. പരിശോധനയിൽ മോശപ്പെട്ട സാഹചര്യത്തിൽ വളരുന്ന പൂച്ചകളെയും ഒരെണ്ണത്തെ ജീവൻ പോയനിലയിലും കണ്ടെത്തി. പൂച്ചകളുടെ വിസർജ്ജ്യം മുറിയിലാകെ ചിതറിക്കിടന്നിരുന്നു.
പോലീസിന്റെ നിർദ്ദേശമനുസരിച്ച് നടന്ന വൈദ്യപരിശോധനയിൽ പൂച്ചകളുടെ കുടലുകളിൽ പുഴു അരിച്ചിരിക്കുന്നതായും തൊലിപ്പുറത്ത് വ്രണങ്ങൾ ബാധിച്ചിരിക്കുന്നതായും കണ്ടെത്തി. ഈ സാഹചര്യത്തിൽ പൂച്ചകളുടെ ഉടമയായ അറബ് യുവതിയെ കസ്റ്റഡിയിലെടുക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു. അവരുടെ വില്ലയിൽ നിന്ന് പൂച്ചകളെ മികച്ച പരിശോധനയ്ക്കും പരിചരണത്തിനുമായി മൃഗസംരക്ഷണ കേന്ദ്രത്തിലേക്കും മാറ്റി. അതേസമയം, ആരോപണം യുവതി കോടതിയിൽ നിഷേധിച്ചിരുന്നു.

