2500 കോടി ദിർഹത്തിന്റെ ഷാർജ വാട്ടർഫ്രണ്ട് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി
ഷാർജ: ഷാർജ വിനോദ സഞ്ചാരമേഖലയുടെ വികസനം ലക്ഷ്യമിട്ട് 2500 കോടി ദിർഹത്തിന്റെ ഷാർജ വാട്ടർഫ്രണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. രണ്ട് ഊർജപ്രസരണവിതരണ പ്ലാന്റുകൾ അടക്കമുള്ള 300 കോടി ദിർഹം ചെലവു വരുന്ന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. 25 കോടി ദിർഹത്തിന്റെ ഈ പ്ലാന്റുകൾ ഷാർജ ഇലക്ട്രിസിറ്റി ആന്ഡ് വാട്ടർ അതോറിറ്റിക്കു കൈമാറി.
ദ്വീപുകളോടനുബന്ധിച്ചുള്ള കനാൽ നിർമാണത്തിന് 1.2 ചതുരശ്ര മീറ്റർ മണ്ണ് നീക്കം ചെയ്തുവെന്ന് അധികൃതർ വെളിപ്പെടുത്തി. നൂറുമുതൽ 300 മീറ്റർ വരെ വീതിയും മൂന്നരമീറ്റർ താഴ്ചയുമുള്ള കനാലുകളാണ് ഒരുക്കുക. ഒട്ടേറെ ഉല്ലാസ സൗകര്യങ്ങളുള്ള 20 കിലോമീറ്റർ നീളമുള്ള തീരം, ബീച്ചുകൾ തുടങ്ങിയവയും പദ്ധതിയുടെ പ്രത്യേകതയാണ്.
സുരക്ഷിത ജലാശയമാണ് പദ്ധതി ലക്ഷ്യമിടുന്നത്. അതിനായി 50 ലക്ഷം ടണ് പാറകൾ എത്തിക്കുകയും തുറമുഖനഗര മാതൃകയിലുള്ള കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. പാലങ്ങൾ, റോഡുകൾ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. പദ്ധതി വരുന്നതോടുകൂടി ഷാർജയുടെ മുഖഛായ തന്നെ മാറുമെന്നാണ് വിലയിരുത്തൽ.

