തൊഴിൽ വിസയ്ക്ക് സ്വഭാവ സർട്ടിഫിക്കറ്റ് : നിയമം നാളെ മുതൽ പ്രാബല്യത്തിൽ

അബുദാബി : യു.എ.ഇയിൽ തൊഴിൽ വിസയ്ക്കുള്ള അപേക്ഷയോടൊപ്പം സ്വഭാവ സർട്ടിഫിക്കറ്റും ഹാജരാക്കണമെന്ന നിയമം നാളെ മുതൽ പ്രാബല്യത്തിൽ. യു.എ.ഇയിൽ തൊഴിൽ വിസയ്ക്ക് അപേക്ഷിക്കുന്ന വിദേശികൾ സ്വദേശത്ത് നിന്നു സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണു നിർദ്ദേശം.
ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കു നിയമം ബാധകമാണ്. എന്നാൽ അഞ്ചുവർഷമായി ഏതു രാജ്യത്താണോ ജീവിച്ചത് അവിടെ നിന്നാണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതെന്നു നിബന്ധനയുണ്ട്. ഒന്നിലേറെ രാജ്യങ്ങളിൽ ജീവിച്ചിട്ടുണ്ടെങ്കിൽ അവിടെനിന്നെല്ലാം ഹാജരാക്കണം. മൂന്നു മാസമാണു സർട്ടിഫിക്കറ്റിന്റെ കാലാവധി. സ്വഭാവ സർട്ടിഫിക്കറ്റ് അതതു രാജ്യങ്ങളിലെ യു.എ.ഇ പ്രതിനിധി കാര്യാലയങ്ങൾ അറ്റസ്റ്റ് ചെയ്യണം. യു.എ.ഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയത്തിന്റെ ഓവർസീസ് കസ്റ്റമർ ഹാപ്പിനെസ് സെന്ററുകളിലും അറ്റസ്റ്റ് ചെയ്യാനാകും.
യു.എ.ഇയിൽ നിലവിൽ ജോലി ചെയ്യുന്നവർ, പുതിയ തൊഴിൽ വിസയിലേക്ക് മാറിയാൽ സർട്ടിഫിക്കറ്റ് വേണം. എന്നാൽ നിലവിലെ വിസ പുതുക്കുന്പോൾ വേണ്ട. പുതിയ തൊഴിൽ വിസയ്ക്ക് അപേക്ഷിക്കുന്പോൾ യു.എ.ഇ പോലീസ് േസ്റ്റഷനിൽ നിന്നോ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിൽ നിന്നോ സർട്ടിഫിക്കറ്റ് വാങ്ങണം. ഓൺലൈനായും സർട്ടിഫിക്കറ്റ് ലഭിക്കും. എമിറേറ്റ്സ് ഐഡി ഹാജരാക്കണം. ദുബൈ പോലീസ് വെബ് സൈറ്റ് വഴിയോ, മൊബൈൽ ആപ്പ് വഴിയോ അപേക്ഷിക്കാം. ഓൺലൈനിൽ അപേക്ഷിക്കുന്പോൾ എമിറേറ്റ്സ് ഐഡിയുടെ പകർപ്പ് സ്കാൻ ചെയ്ത് നൽകണം.