ദു­ബൈ­ ഷോ­പ്പിംഗ് മാ­മാ­ങ്കത്തിന് ഇന്ന് കൊ­ടി­യി­റങ്ങും


ദുബൈ : ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ (ഡി.എസ്.എഫ്.) ഇന്ന് സമാപിക്കും. ദുബൈയിയുടെ വ്യാപാര മേഖലയ്ക്കും ടൂറിസത്തിനും തിളക്കം വർദ്ധിപ്പിച്ചാണ് ഡിസംബർ 26−ന് ആരംഭിച്ച ഷോപ്പിംഗ് മേള കൊടിയിറങ്ങുന്നത്. ദുബൈയിലെ 40−ലധികം മാളുകളും, റീട്ടെയിൽ സ്ഥാപനങ്ങളും പങ്കുചേർന്ന് നടത്തിയ സമ്മാന പദ്ധതികളും ശ്രദ്ധിക്കപ്പെട്ടു. മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് വില കൂടിയ കാറുകളും സ്വർണവുമടക്കം വന്പൻ സമ്മാനങ്ങൾ നേടിയിരിക്കുന്നത്.

വാറ്റ് പ്രാബല്യത്തിലാകുന്നതിനു തൊട്ടുമുന്പുള്ള ദിവസങ്ങളിൽ ജ്വല്ലറികളിലടക്കം അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. ഫെസ്റ്റിവലിന്റ ഭാഗമായി ഇത്തവണ വെള്ളിയാഴ്ചകളിൽ നടന്ന ഫ്ളാഷ് സെയിലുകളും ആളുകളെ ആകർഷിച്ചു. ആയിരങ്ങളാണ് ഫ്ളാഷ് സെയിലിനായി മാളുകളിൽ എത്തിയത്. ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, ഫാഷൻ ഉൽപ്പന്നങ്ങൾ തുടങ്ങിയവയ്ക്കായിരുന്നു വിൽപ്പനയിലെ ഡിമാൻഡ്. 75 ശതമാനംവരെ നിരക്ക് ഇളവാണ് ഇത്തരം ഉൽപ്പന്നങ്ങൾക്ക് ഫെസ്റ്റിവലിൽ ലഭിച്ചത്.

ഡി.എസ്.എഫിന്റെ പ്രധാന വേദിയായ ഗ്ലോബൽ വില്ലേജിലും സന്ദർശകരുടെ പ്രവാഹമാണ് ഫെസ്റ്റിവൽ ദിനങ്ങളിൽ, പ്രത്യേകിച്ച് വാരാന്ത്യങ്ങളിൽ അനുഭവപ്പെട്ടത്. കെട്ടിലും മട്ടിലും പുതുമകളുമായി, കരിമരുന്നു പ്രയോഗവും കൂടുതൽ വിനോദ സാംസ്കാരിക പരിപാടികളുമായി ഒരുങ്ങിയ ഗ്ലോബൽ വില്ലേജ് പതിവുപോലെ കുടുംബങ്ങളുടെ പ്രിയപ്പെട്ട ഉല്ലാസകേന്ദ്രമായി. യു.എ.ഇ.യിലെ താമസക്കാർ മാത്രമല്ല പതിനായിരക്കണക്കിന് സന്ദർശകരുടെയും പ്രധാന ആകർഷണമാണ് ഗ്ലോബൽ വില്ലേജ്.

ഇന്ത്യയിൽ നിന്നുള്ള പ്രമുഖരടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഫെസ്റ്റിവലിനോടനുബന്ധിച്ചു നടന്ന സാംസ്കാരിക പരിപാടികൾക്കായി എത്തി. ഷോപ്പിംഗ് മാത്രമല്ല ഹോട്ടൽ, ട്രാവൽ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ വിവിധ മേഖലകളിലും ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മികവ് പ്രതിഫലിച്ചു. ദുബൈ ടൂറിസം വകുപ്പിന് കീഴിലുള്ള ദുബൈ ഫെസ്റ്റിവൽസ് ആൻഡ്റിട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് സംഘടിപ്പിച്ച ഷോപ്പിംഗ് ഉത്സവത്തിന്റെ എല്ലാ മേഖലകളിലും സംഘാടനാമികവും ഏകോപനവും ദൃശ്യമായിരുന്നു. നഗരത്തിനു ഉത്സവച്ഛായ സമ്മാനിച്ചുകൊണ്ടാണ് ഷോപ്പിംഗ് മാമാങ്കം സമാപിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed