ഐസ് സ്കേറ്റിംഗിൽ കേരളത്തിന് അഭിമാനയായി ആരാധ്യൻ
ഇടുക്കി: ദേശീയ ഐസ് സ്‌കേറ്റിംഗ് ചാന്പ്യൻഷിപ്പിൽ കേരളത്തിന് അഭിമാനയായി ആരാധ്യൻ. നെടുങ്കണ്ടം തോട്ടുമാക്കൽ അനീഷ് −ശ്രീലേഖ ദന്പതികളുടെ മകനും നെടുങ്കണ്ടം എസ്.ഡി.എ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയുമാണ് ആരാധ്യൻ (10). ഡൽഹി ഗുർഗാബസാറിൽ നടന്ന ദേശീയ ഐസ് സ്‌കേറ്റിംഗ് ചാന്പ്യൻഷിപ്പിലാണ് കേരളത്തിന് വേണ്ടി പ്രകടനം കാഴ്‌ചവച്ചത്.
ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിൽ നിന്നുള്ള 54 പേരാണ് ചാന്പ്യൻഷിപ്പിൽ പങ്കെടുത്തത്. അവസാന റൗണ്ടിൽ ഡൽഹി, ആന്ധ്ര, കർണാടക താരങ്ങൾ ഒന്നുമുതൽ മൂന്ന് വരെ സ്ഥാനത്തെത്തിയപ്പോൾ നേരിയ വ്യത്യാസത്തിനാണ് ആരാധ്യൻ നാലാം സ്ഥാനത്തെത്തിയത്. 10 മുതൽ 13 വയസുവരെയുള്ള വിഭാഗത്തിലായിരുന്നു മത്സരം. 14 വർഷത്തിന് ശേഷമാണ് ഈ വിഭാഗത്തിൽ ആരാധ്യനിലൂടെ കേരളത്തിന് സമ്മാനം ലഭിക്കുന്നത്.
ഹൈറേഞ്ചിൽ പരിശീലനത്തിനുള്ള സൗകര്യമില്ലാത്തതിനാൽ എറണാകുളം ലുലു മാളിലെ ഐസ് സ്‌കേറ്റിംഗ് പാർക്കിലാണ് കുട്ടി പരിശീലനം നേടിയത്. ലുലു മാളിലെ എം.എച്ച് അബ്‌ദുൾകലാമായിരുന്നു പരിശീലകൻ. നിരവധി സിനിമകളിൽ ബാലതാരമായി വേഷമിട്ടിട്ടുണ്ട്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്‌ത സ്‌കൂൾബസ്, സജി പനവേൽ സംവിധാനം ചെയ്‌ത ആറടി, ഹരിശ്രീ യൂസഫ് സംവിധാനം ചെയ്‌ത ഹലോ ദുബായ്‌ക്കാരൻ എന്നീ സിനിമകളിലും എസ്. സുരേഷ് സംവിധാനം ചെയ്‌ത പുണ്യം എന്ന ടെലിഫിലിമിലും അഭിനയിച്ചിട്ടുണ്ട്.

