വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ വിൽപ്പന തടയാൻ കർശന നടപടി
ദുബൈ : വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ അനധികൃത വ്യാപാരം തടയാൻ നടപടികൾ കൂടുതൽ കർശനമാക്കുന്നു.ഇതിനായി ദുബൈ പോലീസ്, മുനിസിപ്പാലിറ്റി, ടെലികമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി (ടി.ആർ.എ) എന്നിവയുമായി പരിസ്ഥിതി− കാലാവസ്ഥാമാറ്റ മന്ത്രാലയം ധാരണാപത്രം ഒപ്പുവച്ചു. ഇതിന്റെ ഭാഗമായി വളർത്തുമൃഗങ്ങളെയും പക്ഷികളെയുംവിൽക്കുന്ന സ്ഥാപനങ്ങളും ഓൺലൈൻ ഇടപാടുകളും നിരീക്ഷിക്കുകയും പരിശോധനകൾ ഊർജിതമാക്കുകയും ചെയ്യും.
നടപടികൾ ഏകോപിപ്പിച്ചു നിയമ ലംഘനങ്ങൾ കർശനമായി തടയുകയാണു ലക്ഷ്യം. വന്യജീവികൾ, വംശനാശഭീഷണി നേരിടുന്ന ജീവികൾ, ആനയുടെയും മറ്റുംകൊന്പ് തുടങ്ങിയവയുടെ വിൽപ്പന രാജ്യത്തു നിരോധിച്ചിരിക്കുകയാണ്. അനധികൃത വിൽപ്പന, കൈമാറ്റം എന്നിവ ശ്രദ്ധയിൽ പെട്ടാൽ വിവരങ്ങൾ പോലീസിനു കൈമാറുമെന്നു പരിസ്ഥിതി− കാലാവസ്ഥാമാറ്റ മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സിയൂദി പറഞ്ഞു.
അനധികൃത ഇടപാടുകൾ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾ ഉടൻ മുനിസിപ്പാലിറ്റിയെ അറിയിക്കണമെന്ന് സേവനവിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജർ അഹമ്മദ് അബ്ദുൽകരീം അഹ്‌ലി പറഞ്ഞു. സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള അനധികൃത ഇടപാടുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ടി.ആർ.എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മാജിദ് സുൽത്താൻ അൽ മിസ്മർ പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കുന്നതിനൊപ്പം ഊർജിത ബോൽവൽക്കരണം തുടങ്ങും. നിരോധിത പട്ടികയിൽ വരുന്ന മൃഗങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും പുനർകയറ്റുമതിയും കുറ്റകരമാണ്.


