യു.എ.ഇയിലെ തീപിടിത്തങ്ങൾക്ക് പ്രധാന കാരണം അശ്രദ്ധയെന്ന് സർവ്വേ റിപ്പോർട്ട്
ഷാർജ : രാജ്യത്തെ പാർപ്പിട കെട്ടിടങ്ങളിലുണ്ടാകുന്ന അഗ്നിബാധയ്ക്ക് പ്രധാനകാരണം താമസക്കാരുടെ അശ്രദ്ധയാണെന്ന് സർവ്വേ റിപ്പോർട്ട്. ഈ വർഷം ആദ്യ ആറുമാസങ്ങളിലുണ്ടായ അഗ്നിബാധയുടെ കാരണങ്ങൾ വിലയിരുത്തിയ സർവ്‍വേയിൽ പങ്കെടുത്തവരിൽ 45ശതമാനമാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്.
കെട്ടിടത്തിലെ ദുർബലമായ സുരക്ഷാ സംവിധാനങ്ങൾ തീപിടിത്തത്തിന് കാരണമാകുന്നുവെന്ന അഭിപ്രായം 34 ശതമാനത്തിനുണ്ട്. കാലാവസ്ഥ കാരണമാണ് തീപിടിക്കുന്നതെന്ന് 21ശതമാനം അഭിപ്രായപ്പെട്ടു. യു.എ.ഇയിലെ ഒരു പ്രാദേശിക ദിനപത്രമാണ് ഈ സർവ്വേ നടത്തിയത്.
സർവ്വേ ഫലം ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സിവിൽ പ്രതിരോധ വകുപ്പും ശരിവച്ചു. സ്വകാര്യ കെട്ടിടങ്ങളിലും വീടുകളിലും കഴിഞ്ഞ വർഷമുണ്ടായ 57ശതമാനം തീപിടിത്തത്തിന്റെയും പ്രധാന കാരണം അവിടെ താമസിക്കുന്ന കുടുംബങ്ങളുടെ അശ്രദ്ധയാണെന്ന് അധികൃതർ സൂചിപ്പിച്ചു. പ്രാഥമിക സുരക്ഷാ കാര്യങ്ങൾ പോലും കുടുംബങ്ങൾ അവഗണിച്ചു. അധികൃതരുടെ സുരക്ഷാ മാനദണ്ധങ്ങളും പാലിച്ചില്ല.
തീപിടിക്കുന്പോൾ പുക നിർമാർജ്ജനം ചെയ്യുന്ന പ്രതിരോധസംവിധാനം പാർപ്പിടങ്ങളിൽ സജ്ജീകരിക്കണമെന്ന്ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. വില്ലകൾ, പരന്പരാഗതപാർപ്പിട കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ അടുത്ത വർഷം മുതൽ സംവിധാനം നടപ്പാക്കണമെന്നാണ് കർശന നിർദ്ദേശം. പല അപകടങ്ങളിലും പുക ശ്വസിച്ചാണ് മരണങ്ങൾ ഏറെയും നടന്നത്.

