അഞ്ച് റോഡുകളിൽ ഗതാഗതം സുഗമമാക്കാൻ പദ്ധതിയുമായി ദുബൈ ആർ.ടി.എ
ദുബൈ : ദുബൈയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി അനുഭവപ്പെടുന്ന അഞ്ച് റോഡുകളിൽ തിരക്ക് കുറയ്ക്കാൻ അതിവേഗപദ്ധതിയുമായി ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ.). 2018 ആദ്യ പകുതിയോടെ നിർമ്മാണം പൂർത്തിയാകും. ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ റോഡ് വികസനം കൂടാതെ, ബദൽ മാർഗങ്ങൾ, കൂടുതൽ പൊതുഗതാഗത സംവിധാനം എന്നിങ്ങനെ വിവിധ സംരംഭങ്ങളാണ് പദ്ധതിപ്രകാരം ആവിഷ്‌കരിക്കുന്നതെന്ന് ആർ.ടി.എ ചെയർമാൻ മാതർ അൽ തായർ പറഞ്ഞു.
ഇതനുസരിച്ച് അൽ ഖേൽ റോഡിൽ ഷാർജയുടെ ദിശയിലേക്കു ദുബൈ മാൾ പാലത്തിനു മുന്പ് ഒരു ലെയിൻ കൂടി ചേർക്കും. ഇതോടെ അൽ ഖേൽ റോഡിലെ ലെയിനുകളുടെ എണ്ണം നാലാകും. മണിക്കൂറിൽ 1800−ൽ അധികം വാഹനങ്ങൾക്ക് അൽഖെൽ റോഡ് വഴി യാത്രചെയ്യാനും സാധിക്കും.
ഹെസ്സ - അൽഖേൽ ഇന്റർസെക്ഷനിൽ ഒരു ലെയിനിനു പകരം രണ്ടു ലെയിൻ വരും. അൽ ഖേൽ റോഡിനു സമാന്തരമായുള്ള കളക്ടർ റോഡിൽ ശൈഖ് സായിദ് റോഡിൽ നിന്ന് ഷാർജയിലേക്കുള്ള ദിശയിൽ ഹെസ്സ റോഡ് ഇന്റർസെക്ഷനിലും ഒരു ലെയിൻ കൂടി പണിയും. ഇതോടെ മണിക്കൂറിൽ 1500 വാഹനങ്ങൾക്ക് പകരം 3000 വാഹനങ്ങൾക്ക് ഈ റോഡുവഴി യാത്രചെയ്യാം.
റോഡ് 46−ൽ വരുന്ന പുതിയ റൗണ്ട് എബൗട്ടാണ് മറ്റൊരു ഗതാഗത പരിഷ്‌കാരം. നിലവിൽ അൽ വുഹൈദ റോഡിലേക്ക് പ്രവേശിക്കാൻ ഒരുവഴി മാത്രമാണുള്ളത്. ഇത് വുഹൈദ റോഡിലും ഗതാഗത തടസ്സം ഉണ്ടാക്കുന്നുണ്ട്. പുതിയ റൗണ്ട് എബൗട്ട് വരുന്പോൾ ഈ പ്രശ്‌നം പരിഹരിക്കപ്പെടും.
അൽ സാദാ റോഡിൽ നിന്ന് ബിസിനസ് ബേ റോഡിലേക്കുള്ള ഇന്റർസെക്ഷന്റെ ലെയിനുകളുടെ എണ്ണം രണ്ടിൽ നിന്ന് മൂന്നായി കൂട്ടും. ഇതോടെ പലപ്പോഴു ശൈഖ് സായിദ് റോഡ് വരെ നീളുന്ന ഈ പ്രദേശത്തെ ഗതാഗത തടസ്സത്തിനും പരിഹാരമാകും. അൽ ഖൂസ് വ്യാവസായിക മേഖലയിലെ മൂന്ന് ഇന്റർസെക്ഷനുകളിലെയും ലെയിനുകളുടെ എണ്ണം വർദ്‍ധിപ്പിക്കുമെന്നും മാതർ അൽ തായർ പറഞ്ഞു.

