യു.എ.ഇയിൽ വിലക്കുറവിൽ സാധനങ്ങൾ വിൽക്കണമെങ്കിൽ പ്രത്യേക അനുമതി
റാസൽഖൈമ : വ്യാപാര സ്ഥാപനങ്ങൾ വിലക്കുറവു പ്രഖ്യാപിച്ചു കച്ചവടം നടത്തണമെങ്കിൽ മുൻകൂർ അനുമതിയും നടപടിക്രമങ്ങളും വേണമെന്നു പുതിയ നിയമം. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സഊദ് ബിൻ സഖ്‌ർ അൽ ഖാസിമിയാണ് ഇതുസംബന്ധിച്ച ഉത്തരവു പ്രഖ്യാപിച്ചത്.
വിലക്കുറവ്, വിറ്റഴിക്കൽ തുടങ്ങിയവ സംബന്ധിച്ചു ബോർഡുകൾ വച്ചു വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ സാന്പത്തിക മന്ത്രാലയത്തിൽനിന്നു പെർമിറ്റ് വാങ്ങണം. വിലക്കുറവിൽ സാധനങ്ങൾ നൽകുന്ന തീയതിയും അവസാനിപ്പിക്കുന്ന തീയതിയും ഇതിൽ കാണിക്കണം. വിലക്കിഴിവിൽ വിൽപ്പന ആരംഭിക്കുന്നതിനു മുൻപുള്ള വിലയും അതിനുശേഷമുള്ള വിലയും വിലക്കിഴിവു സമയത്തുള്ള വിലയും അപേക്ഷയിൽ വ്യക്തമാക്കണം.
സാന്പത്തിക മന്ത്രാലയം നൽകിയ, സ്ഥാപനത്തിന്റെ മൂന്നുമാസം കാലാവധിയുള്ള ലൈസൻസോടുകൂടിയാണു വിലക്കുറവിൽ വിൽക്കാനുള്ള പെർമിറ്റിന് അപേക്ഷിക്കേണ്ടത്. വിലക്കുറവാണു സ്ഥാപനം പ്രഖ്യാപിക്കുന്നതെങ്കിൽ മൊത്തം വിലയുടെ 25 ശതമാനവും വിറ്റഴിക്കലാണെങ്കിൽ വിൽക്കുന്ന സാധനങ്ങൾക്കു 40 ശതമാനവും വിലക്കുറവു വേണമെന്നാണു പുതിയ നിയമ വ്യവസ്ഥ.
വിൽപ്പനയുടെ വിശദവിവരങ്ങളുമായി ആദായ വിൽപ്പന ആരംഭിക്കുന്നതിന്റെ രണ്ടാഴ്ചയ്ക്കു മുന്പ് പെർമിറ്റിനായി അപേക്ഷിക്കണം എന്നും നിയമം നിഷ്‌കർഷിക്കുന്നുണ്ട്. ഒരുവർഷമായിരിക്കും പെർമിറ്റിന്റെ കാലാവധി. ഒരു സ്ഥാപനയുടമയ്ക്ക് ഒരു വർഷത്തിൽ നാലിൽ അധികം പെർമിറ്റുകൾ നൽകില്ല.
എന്നാൽ, ചില പ്രത്യേക വ്യവസ്ഥകളോടെ ഈ നിയമത്തിൽ ഇളവു നൽകും. പെർമിറ്റില്ലാതെ വിലക്കുറവു പ്രഖ്യാപിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴചുമത്തു മെന്നും അധികൃതർ അറിയിച്ചു.

