ഫോർമുല 1 ആരാധകർക്ക് സുവർണ്ണാവസരം; അബൂദബി ഗ്രാന്റ് പ്രിക്സ് കാണാൻ അഡ്നോക്കിന്റെ 100 സൗജന്യ ടിക്കറ്റുകൾ
പ്രദീപ് പുറവങ്കര
അബൂദബി: ഫോർമുല 1 ആരാധകർക്ക് സന്തോഷവാർത്തയുമായി അഡ്നോക്ക് (ADNOC). ഇത്തവണത്തെ അബൂദബി ഗ്രാന്റ് പ്രിക്സ് മത്സരങ്ങൾ നേരിട്ട് കാണുന്നതിനായി 100 ടിക്കറ്റുകളാണ് കമ്പനി സൗജന്യമായി നൽകുന്നത്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികളായ 50 പേർക്ക്, തങ്ങൾക്കൊപ്പം മറ്റൊരാളെയും കൂട്ടി മത്സരം കാണാൻ അവസരം ലഭിക്കും. ഇതിൽ 15 പേർക്ക് ഗ്രാൻഡ്സ്റ്റാന്റ് പാസുകളും, 20 പേർക്ക് ആഫ്റ്റർ-റേസ് കൺസേർട്ട് ടിക്കറ്റുകളും, ബാക്കി 15 പേർക്ക് അബൂദബി എക്സ്പീരിയൻസ് ടിക്കറ്റുകളുമാണ് സമ്മാനമായി ലഭിക്കുക.
നറുക്കെടുപ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ www.adnoc.ae/adgp എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷാ ഫോം പൂരിപ്പിക്കേണ്ടതാണ്. പേര്, ഇൻസ്റ്റാഗ്രാം യൂസർനെയിം, ഫോൺ നമ്പർ എന്നിവ നൽകിയ ശേഷം 'Enter to Win' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കാം. ഡിസംബർ 1-നാണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി.
ഡിസംബർ 2-ന് നടക്കുന്ന നറുക്കെടുപ്പിലൂടെ വിജയികളെ തിരഞ്ഞെടുത്ത് ഇമെയിൽ വഴിയോ എസ്.എം.എസ് (SMS) വഴിയോ വിവരമറിയിക്കും. അറിയിപ്പ് ലഭിച്ച് 48 മണിക്കൂറിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ ആ അവസരം മറ്റൊരാൾക്ക് കൈമാറും. ഡിസംബർ 3-നകം വിജയികൾക്ക് ഇ-ടിക്കറ്റുകൾ അയച്ചുനൽകും. ആവശ്യമെങ്കിൽ തിരിച്ചറിയൽ രേഖ (ID) ഹാജരാക്കേണ്ടി വരും.
സമ്മാനത്തിൽ മത്സരത്തിനുള്ള ടിക്കറ്റുകൾ മാത്രമാണ് ഉൾപ്പെടുന്നത്; യാത്ര, ഭക്ഷണം, മറ്റ് അനുബന്ധ ചെലവുകൾ എന്നിവ വിജയികൾ സ്വന്തമായി വഹിക്കണം. ലഭിക്കുന്ന ടിക്കറ്റുകൾ മറ്റൊരാൾക്ക് കൈമാറാനോ, പണമായി മാറ്റാനോ, റീഫണ്ട് ചെയ്യാനോ സാധിക്കില്ല. ടിക്കറ്റുകൾ മറിച്ചുവിറ്റതായി കണ്ടെത്തിയാൽ നഷ്ടപരിഹാരമില്ലാതെ തന്നെ അവ റദ്ദാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
fgfdd


