ആകാശത്ത് സൗദി പ്രതിരോധം; യമനിൽ ഹൂതികളുടെ 50 സൈനിക കേന്ദ്രങ്ങൾ ചാമ്പലാക്കി സഖ്യസേനപ്രതിരോധം
ഷീബ വിജയൻ
റിയാദ്: സൗദി അറേബ്യയുടെ ദക്ഷിണ മേഖല ലക്ഷ്യമാക്കി ഹൂതി ഭീകരർ തൊടുത്തുവിട്ട ഡ്രോൺ വിജയകരമായി തടഞ്ഞു നശിപ്പിച്ചതായി യെമനിലെ ഭരണകൂടത്തെ പിന്തുണക്കുന്ന സഖ്യസേന അറിയിച്ചു. സഖ്യസേനാ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യാഴാഴ്ച ജിസാൻ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഹൂതി ഭീകരർ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി, ആക്രമണത്തിന് ഉപയോഗിച്ച ഹുദൈദയിലെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തറ സഖ്യസേന തകർത്തു. സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യം വെക്കുന്നതിനെതിരെ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് സഖ്യസേന മുന്നറിയിപ്പ് നൽകി. ഇതിന് പുറമെ, ഹൂതി ഭീകരരുടെ സൈനിക ശേഷി തകർക്കുന്നതിനായി സന, ഹുദൈദ, സഅദ എന്നീ പ്രവിശ്യകളിലായി 50 സൈനിക കേന്ദ്രങ്ങൾ സഖ്യസേന പ്രത്യേക സൈനിക നീക്കത്തിലൂടെ നശിപ്പിച്ചു.
റിയാദിന് നേരെ ഹൂതികൾ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി എത്തിയ രണ്ട് ഡ്രോണുകളും വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തടഞ്ഞു നശിപ്പിച്ചു. നേരത്തെ ജിസാൻ തുറമുഖത്ത് ഹൂതികൾ തൊടുത്തുവിട്ട പ്രൊജക്ടൈൽ പതിച്ച് ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. സംഭവത്തിൽ സാധാരണക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും പതിച്ച വസ്തു ഏത് തരത്തിലുള്ളതാണെന്ന് പരിശോധിച്ചുവരികയാണെന്നും തുർക്കി അൽ മാലികി അറിയിച്ചു. അബഹ, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിലെ ഭീഷണി ഒഴിഞ്ഞതായി സിവിൽ ഡിഫൻസ് അറിയിച്ചു. മുന്നറിയിപ്പ് സമയങ്ങളിൽ പൗരന്മാരും താമസക്കാരും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും തുറസ്സായ സ്ഥലങ്ങൾ, ജനാലകൾ, ബാൽക്കണികൾ, മേൽക്കൂരകൾ എന്നിവിടങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു. ആക്രമണങ്ങളുടെയോ പ്രതിരോധത്തിന്റെയോ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കർശനമായി വിലക്കിയിട്ടുണ്ട്.
dsasdadsads


