നിറകണ്ണുകളോടെ വടകരയ്ക്ക് വണ്ടി കയറിയവൻ, അന്ന് പോയില്ലായിരുന്നെങ്കിൽ ഇന്ന് മന്ത്രി; ഷാഫിയെ പിന്തുണച്ച് രമേഷ് പിഷാരടി
ഷീബ വിജയൻ
കൊച്ചി: ഷാഫി പറമ്പിൽ-രാജ്മോഹൻ ഉണ്ണിത്താൻ തർക്കങ്ങൾക്കിടെ ഷാഫിയെ പിന്തുണച്ച് രമേഷ് പിഷാരടി എംഎൽഎ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. പദവികളേക്കാൾ ഷാഫി പ്രസ്ഥാനത്തെയാണ് സ്നേഹിച്ചതെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ഷാഫിയുടെ ശബ്ദം കേൾക്കാത്ത ഒറ്റ മണ്ഡലവും കേരളത്തിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാടിനെ കോൺഗ്രസിന്റെ ഉറച്ച സീറ്റാക്കി മാറ്റിയതിന്റെ മുഴുവൻ ക്രെഡിറ്റും ഷാഫിക്കാണെന്നും ഇ.ശ്രീധരന്റെ വെല്ലുവിളി പോലും അതിജീവിക്കാനായത് പാലക്കാടുമായുള്ള ആഴമേറിയ ബന്ധം കൊണ്ടാണെന്നും പിഷാരടി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ.മുരളീധരൻ തൃശ്ശൂരിലേക്ക് മാറിയപ്പോൾ വടകരയിലേക്ക് പോകാൻ ഷാഫിയല്ലാതെ മറ്റൊരാളുണ്ടായിരുന്നില്ല. പ്രിയപ്പെട്ട നാടിനെയും ജനങ്ങളെയും പിരിയുന്നതിന്റെ നീറ്റലിൽ നിറകണ്ണുകളോടെയാണ് ഷാഫി വടകരയ്ക്ക് തീവണ്ടികയറിയത്. അന്ന് വടകരയിലേക്ക് പോകാതിരുന്നെങ്കിൽ ഇന്ന് ഷാഫി പറമ്പിൽ കേരളത്തിലെ മന്ത്രിയാകുമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലും എത്തി പ്രചാരണത്തിന്റെ മുഖവും മുഴക്കവുമായത് ഷാഫിയാണ്.
ഗ്രൂപ്പുരാഷ്ട്രീയത്തിന്റെ ചക്രങ്ങളിൽ മുന്നോട്ടുപോകുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് വിശേഷിപ്പിച്ച പിഷാരടി, വ്യത്യസ്ത അഭിപ്രായങ്ങൾക്കിടയിലും ഒരേ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കാൻ കഴിഞ്ഞതുകൊണ്ടാണ് 102 സീറ്റ് എന്ന ചരിത്രഭൂരിപക്ഷത്തോടെ പത്തുവർഷത്തിനുശേഷം അധികാരത്തിൽ തിരിച്ചെത്താനായതെന്ന് ഓർമ്മിപ്പിച്ചു. എന്നാൽ ആറുമാസമായപ്പോഴേക്കും ഉയരുന്ന അഭിപ്രായപ്രകടനങ്ങൾ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് നീങ്ങിയാൽ വാഹനം പഞ്ചറാകാൻ അതുധാരാളം. കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ.മുരളീധരൻ തുടങ്ങിയ മുതിർന്ന നേതാക്കൾ ഇടപെട്ട് കാര്യങ്ങൾ നിയന്ത്രിക്കണമെന്നും 102 എന്ന സംഖ്യ അംഗീകാരത്തിനൊപ്പം അപായസൈറൺ കൂടിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ffdffg


