ബഹ്‌റൈനിലെ ഫുഡ് ട്രക്ക് ഉടമകൾക്ക് ആശ്വാസം; വിദേശ തൊഴിലാളി പെർമിറ്റ് നിയന്ത്രണങ്ങൾ പുനഃപരിശോധിക്കുന്നു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിൽ നിയമപരമായി പ്രവർത്തിക്കുന്ന ഫുഡ് ട്രക്ക് ഉടമകൾ നേരിടുന്ന വിദേശ തൊഴിലാളി ക്ഷാമത്തിന് പരിഹാരമാകുന്നു. ഫുഡ് ട്രക്ക് ബിസിനസുകൾക്കായി പ്രത്യേകം വിദേശ തൊഴിലാളി പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പുനഃപരിശോധിച്ചു വരികയാണെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) സ്ഥിരീകരിച്ചു.
നോർത്തേൺ മുനിസിപ്പൽ കൗൺസിലിന്റെ 'ഹയാക്കും 22' യോഗത്തിലാണ് ഫുഡ് ട്രക്ക് ഉടമകൾ ഈ വിഷയം ഉന്നയിച്ചത്. കോവിഡ് മഹാമാരിയുടെ സമയത്ത് സ്വദേശികൾക്ക് ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള അവസരമായാണ് ഈ മേഖലയ്ക്ക് രൂപം നൽകിയതെന്നും, അതിനാലാണ് വിദേശ തൊഴിലാളി പെർമിറ്റുകൾ അനുവദിക്കാതിരുന്നതെന്നും എൽ.എം.ആർ.എ പ്രതിനിധി വ്യക്തമാക്കി. നിലവിൽ വർക്ക് പെർമിറ്റ് വിഭാഗം ഈ വിഷയം പഠിച്ചുവരികയാണ്. ബദൽ സംവിധാനങ്ങൾ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായി ഒരു ഉടമ ചൂണ്ടിക്കാട്ടി.
നിലവിലെ നിയമപ്രകാരം, അംഗീകൃത തൊഴിൽ വിഭാഗത്തിൽ ഉൾപ്പെട്ട സാധുവായ പെർമിറ്റുള്ള തൊഴിലാളികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് തടസ്സമില്ല. കൂടാതെ, ലൈസൻസുള്ള റെസ്റ്റോറന്റുകളോ കഫറ്റീരിയകളോ ഉള്ള ഉടമകൾക്ക് അവരുടെ നിലവിലുള്ള ജീവനക്കാരെ ഫുഡ് ട്രക്കുകളിലും ഉപയോഗിക്കാം. എന്നാൽ, അനുമതിയില്ലാതെ തൊഴിലാളികളെ നിയമിക്കുന്നത് നിയമലംഘനമായി തുടരും.
ഫുഡ് ട്രക്കുകൾക്കായി അനുവദിച്ച സ്ഥലങ്ങളുടെ ലഭ്യതക്കുറവും ഇലക്ട്രോണിക് സംവിധാനത്തിൽ ഇവ ഇല്ലാത്തതും ഉടമകൾ ചൂണ്ടിക്കാട്ടി. മുനിസിപ്പൽ ഭൂമിയിൽ നിന്നും ഒഴിഞ്ഞുപോകാൻ തന്നോട് ആവശ്യപ്പെട്ടതായും, അംഗീകൃത സ്ഥലത്തിന് പണം നൽകാൻ തയ്യാറാണെന്നും ഹമദ് ടൗണിലെ ഒരു ഉടമ പറഞ്ഞു. എന്നാൽ, ഒഴിഞ്ഞുകിടക്കുന്ന എല്ലാ സർക്കാർ ഭൂമിയും ഫുഡ് ട്രക്കുകൾക്കായി അനുവദിച്ചവയല്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ മേഖലയെ ക്രമപ്പെടുത്തുന്നതിനായി 2027 ജനുവരിയോടെ പുതിയ നിയന്ത്രണ സംവിധാനം നിലവിൽ വരും.
രാത്രികാലങ്ങളിൽ ജനറേറ്ററുകൾ ഓഫ് ചെയ്ത് ഭക്ഷണസാധനങ്ങൾ ട്രക്കുകളിൽ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. ശരിയായ രീതിയിൽ സൂക്ഷിക്കാത്ത ഭക്ഷണസാധനങ്ങൾ ഉടൻ പിടിച്ചെടുത്ത് നശിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ശീതീകരിച്ച ഭക്ഷണങ്ങൾ 0°C മുതൽ 5°C വരെയും, ഫ്രോസൺ ഭക്ഷണങ്ങൾ മൈനസ് 18°C-ലും, ചൂടുള്ള ഭക്ഷണങ്ങൾ 50 ഡിഗ്രി സെൽഷ്യസിലും സൂക്ഷിക്കേണ്ടതുണ്ട്.
dfdfdfs


