ദീപശിഖയേന്താൻ ഗൽവാൻ സൈനികനെ തിരഞ്ഞെടുത്ത നടപടി; ബെയ്‌ജിങ് വിന്റർ ഒളിന്പിക്‌സ് ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യ

ലഡാക്കിലെ ഗൽവാന്‍ താഴ്‌വരയിൽ ഇന്ത്യക്കെതിരേ യുദ്ധംചെയ്‌ത സൈനികനെ ദീപശിഖയേന്താന്‍ തെരഞ്ഞെടുത്ത ചൈനയുടെ നടപടിയിൽ പ്രതിഷേധിച്ച് ബെയ്‌ജിങ് വിന്റർ ഒളിന്പിക്‌സിന്റെ ഉദ്‌ഘാടന, സമാപനച്ചടങ്ങുകൾ ഇന്ത്യന്‍ പ്രതിനിധി ബഹിഷ്‌കരിക്കും. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ചു ചടങ്ങുകൾ ബഹിഷ്‌കരിക്കാൻ യു.എസും യൂറോപ്യൻ യൂണിയനും നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു.
ഗൽവാൻ ആക്രമണത്തിൽ പരുക്കേറ്റ പീപ്പിൾസ് ലിബറേഷൻ ആർമി കമാൻഡർ ക്വി ഫബാവോ ശൈത്യകാല ഒളിന്പിക്‌സിന്റെ ദീപശിഖയേന്തുമെന്നു ചൈനീസ് നിയന്ത്രണത്തിലുള്ള ഗ്ലോബൽ ടൈംസാണു റിപ്പോർട്ട് ചെയ്‌തത്. ഗൽവാൻ ആക്രമണത്തിൽ അയാളുടെ തലയ്‌ക്കു പരുക്കേറ്റിരുന്നതായും ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്‌തിരുന്നു.
2020ൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ഉൾപ്പെട്ട സൈനികനെ തന്നെ ചൈന തെരഞ്ഞെടുത്തതു പ്രകോപനപരമാണെന്നു വിലയിരുത്തപ്പെടുന്നു. ചൈനയുടെ നടപടി ഖേദകരമാണെന്ന്, ബന്ധപ്പെട്ട നയതന്ത്രപ്രതിനിധിയുടെ തീരുമാനം അറിയിച്ചുകൊണ്ട് വിദേശമന്ത്രാലയം പറഞ്ഞു. ഇതിനുപിന്നാലെ ചടങ്ങുകൾ സംപ്രേഷണം ചെയ്യില്ലെന്നു ദൂരദർശൻ അറിയിച്ചു.
ഇന്ത്യ പിന്തുണച്ചു യു.എസും രംഗത്തെത്തി. ഗൽവാനിൽ ഇന്ത്യൻ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ പരുക്കേറ്റ സൈനികനെ ദീപശിഖയേന്താൻ നിയോഗിച്ച ചൈനയുടെ നടപടി ലജ്‌ജാവഹമെന്ന് യു.എസ്. സെനറ്റ് അംഗം ജിം റിസ്‌ച് പ്രതികരിച്ചു. ഒളിന്പിക്‌സിനെ രാഷ്‌ട്രീയവത്‌കരിക്കാനാണു ചൈനയുടെ ശ്രമമെന്നും യു.എസ്. ആരോപിച്ചു.
ചടങ്ങിൽ പങ്കെടുക്കുമെന്നു റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും പാകിസ്‌താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും അറിയിച്ചിട്ടുണ്ട്.