എവേ ഗോൾ നിയമം അവസാനിപ്പിച്ചതായി യുവേഫ
ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് അടക്കമുള്ള ക്ലബ് ഫുട്ബോൾ ടൂർണമെന്റുകളിൽ എവേ ഗോൾ നിയമം ഉണ്ടാവില്ലെന്ന് യുവേഫ. യുവേഫയുടെ ക്ലബ് കോമ്പറ്റീഷന്‍ കമ്മറ്റി, യുവേഫ വിമന്‍സ് ഫുട്‌ബോള്‍ കമ്മിറ്റി എന്നിവര്‍ മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ യുവേഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചതോടെയാണ് അടുത്ത സീസണ്‍ മുതല്‍ എവേ ഗോള്‍ നിയമം ഒഴിവാക്കാന്‍ ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. 1965 മുതല്‍ നിലവിലുള്ള എവേ ഗോള്‍ നിയമമാണ് യുവേഫ ഇപ്പോള്‍ പരിഷ്‌കരിച്ചിരിക്കുന്നത്.
ഇരുപാദങ്ങളിലും രണ്ടു ടീമുകൾ ഒരുപോലെ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞാൽ എതിരാളിയുടെ മൈതാനത്ത് ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീം അടുത്ത ഘട്ടത്തിലേക്ക് മുന്നേറുമെന്നാണ് ഈ നിയമത്തിന്റെ അടിസ്ഥാനം. രണ്ടു ടീമുകളും എതിരാളിയുടെ മൈതാനത്തും ഒരുപോലെയാണ് ഗോൾ നേടിയതെങ്കിൽ മാത്രം മത്സരം എക്‌സ്ട്രാ ടൈമിലേക്കും ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീങ്ങും. പുതിയ പരിഷ്‌കാരമനുസരിച്ച് എവേ ഗോള്‍ അനൂകൂല്യം ഉണ്ടാകില്ല. ഇരുപാദങ്ങളിലുമായി സ്‌കോര്‍ നില തുല്യമായാല്‍ അര മണിക്കൂര്‍ എക്‌സ്ട്രാ ടൈം അനുവദിക്കും. എന്നിട്ടും സ്‌കോര്‍ തുല്യമാണെങ്കില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ വിജിയികളെ തീരുമാനിക്കുംമെന്നാണ് യുവേഫ അറിയിക്കുന്നത്.

