ഐപിഎൽ: രാജസ്ഥാൻ ഇന്ന് പഞ്ചാബിനെതിരെ; തോറ്റാൽ രാജസ്ഥാൻ പുറത്ത്
അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാജസ്ഥാൻ റോയൽസ്− കിംഗ്‌സ് ഇലവൻ പഞ്ചാബ് നിർണായക പോരാട്ടം. തോറ്റാൽ രാജസ്ഥാൻ പുറത്താകും. അബുദാബിയിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. 12 മത്സരങ്ങളിൽ 10 പോയിന്റുമായി ഏഴാം സ്ഥാനത്താണ് രാജസ്ഥാൻ. 12 മത്സരങ്ങളിൽ 12 പോയിന്റുള്ള പഞ്ചാബ് നാലാം സ്ഥാനത്തുണ്ട്. ഇന്ന് ജയിച്ചാൽ പഞ്ചാബിന് പ്ലേഓഫിന് തൊട്ടടുത്തെത്താം.
സീസൺ തുടക്കം മുതൽ മോശം പ്രകടനമായിരുന്നു പഞ്ചാബിന്റേത്. എന്നാൽ പാതി പിന്നിട്ടപ്പോൾ ടീം ട്രാക്ക് മാറ്റി. അവസാന അഞ്ച് മത്സരങ്ങൾ തുടർച്ചയായി ജയിച്ച ടീം ആദ്യ നാലിലെത്തി. 41ആം വയസ്സിലും യൂണിവേഴ്‌സ് ബോസ് എന്ന് തെളിയിക്കുന്ന ക്രിസ് ഗെയിൽ മാത്രമല്ല, ഡെത്ത് ഓവറുകളിലേക്ക് പുതിയ ആയുധങ്ങൾ കണ്ടെത്തിയ ബൗളർമാരും പഞ്ചാബിന്റെ തിരിച്ചുവരവിന് വഴിയൊരുക്കി. മായങ്ക് അഗർവാളിന്റെ പരിക്ക് ഭേദമായാൽ പഞ്ചാബിന്റെ കരുത്ത് വർദ്‍ധിക്കും.
മറുവശത്ത് മുംബൈ ഇന്ത്യൻസിന്റെ വന്പ് തകർ്‍ത്ത ആത്മവിശ്വാസം പ്രകടമാണ് രാജസ്ഥാൻ ക്യാംപിൽ. ചോദിച്ചുവാങ്ങിയ ഓപ്പണർ സ്ഥാനത്ത് തിളങ്ങുന്ന ബെൻ സ്റ്റോക്‌സിലും ഉത്തരവാദിത്തത്തോടെ ബാറ്റുവീശുന്ന സഞ്ജു സാംസണിലും തന്നെയാകും പ്രതീക്ഷകൾ. എന്നാൽ തോറ്റാൽ പുറത്താകുമെന്ന ഭീഷണി തലയ്ക്ക് മീതെയുള്ളതിനാൽ സമ്മർദ്ദം കൂടുതൽ റോയൽസിന് തന്നെയാകും.
