ബർത്തോമ്യ ബാഴ്സ പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു

ബാഴ്സലോണ: ജോസഫ് മരിയ ബർത്തോമ്യ ബാഴ്സലോണ ഫുട്ബോൾ ക്ലബിന്‍റെ പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞു. ബർത്തോമ്യയ്ക്കൊപ്പം ബോർഡ് ഡയറക്ടർമാരും രാജി സമർപ്പിച്ചു. ക്ലബ് നായകൻ ലയണൽ മെസ്‌സിയുമായുള്ള സ്വരച്ചേർച്ചയില്ലയ്മയും ആരാധകരുടെ സമ്മർദവുമാണ് ഇവരുടെ രാജിക്കുള്ള കാരണം. ഏറെ ആലോചിച്ചെടുത്ത തീരുമാനമാണിതെന്ന് ബർത്തോമ്യ വ്യക്തമാക്കി.
ആറു വർഷം ക്ലബ്ബിന്‍റെ പ്രസിഡന്‍റ് സ്ഥാനം വഹിച്ചതിനു ശേഷമാണ് മെസി വിഷയത്തിൽ ബർത്തോമ്യയ്ക്കു പുറത്തേക്ക് വഴി തെളിഞ്ഞത്. 2014 ൽ സാന്ദ്രോ റോസൽ ഒഴിഞ്ഞ പ്രസിഡന്‍റ് പദവിയാണ് ജോസഫ് മരിയ ബർത്തോമ്യ ഏറ്റെടുത്തത്. പുതിയ പ്രസിഡന്‍റിനെ തെരഞ്ഞടുക്കുന്നതുവരെ കാൾസ് ടുസ്ക്വെറ്റ്സ് താത്കാലിക പ്രസിഡന്‍റ് സ്ഥാനം വഹിക്കും.