ഏഷ്യാ കപ്പ് മാറ്റില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്: ഐപിഎല്ലിന് തിരിച്ചടി
കറാച്ചി: ഏഷ്യാ കപ്പ് മാറ്റില്ലെന്ന നിലപാടിലുറച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. നേരത്തെ തീരുമാനിച്ചിരുന്നതു പോലെ സെപ്തംബറിൽ തന്നെ ഏഷ്യാ കപ്പ് നടത്തും. പാകിസ്താനിലെ കൊവിഡ് സാഹചര്യം മോശമായ സാഹചര്യത്തിൽ ശ്രീലങ്കയോ യുഎഇയോ ആതിഥേയരാവുമെന്നും പിസിബി അറിയിച്ചു.
ഏഷ്യാ കപ്പ് മാറ്റില്ലെന്ന പിസിബിയുടെ നിലപാട് ഐപിഎല്ലിനാണ് തിരിച്ചടി ആയിരിക്കുന്നത്. ടി−20 ലോകകപ്പ് ഏറെക്കുറെ മാറ്റിവച്ചു എന്ന് ഉറപ്പായ സാഹചര്യത്തിൽ സെപ്തംബർ−, ഒക്ടോബർ വിൻഡോയിൽ ഐപിഎൽ നടത്താനായിരുന്നു ശ്രമം. ഇക്കാര്യം ഐപിഎൽ ചെയർമാൻ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, പിസിബി ഏഷ്യാ കപ്പിൻ്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കിയതോടെ ഐപിഎല്ലിൻ്റെ കാര്യം പരുങ്ങലിലായിരിക്കുകയാണ്.
“ഏഷ്യാ കപ്പുമായി മുന്നോട്ടു പോവും. സെപ്തംബർ രണ്ടിന് ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം പാക് ടീം നാട്ടിൽ തിരിച്ചെത്തും. അതിനു ശേഷം സെപ്തംബറിലോ, ഒക്ടോബറിലോ ഏഷ്യാ കപ്പ് നടത്താൻ കഴിയും. വേദിയെക്കുറിച്ചും തീയതിയെക്കുറിച്ചും ഇപ്പോൾ പറയാൻ സാധിക്കില്ല. ഏഷ്യാ കപ്പ് നടക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ശ്രീലങ്കയിൽ കൊവിഡ് കേസുകൾ കുറവാണ്. അവർ തയ്യാറായില്ലെങ്കിൽ യുഇഎ തയ്യാറാവും. ഇക്കൊല്ലത്തെ ഏഷ്യാ കപ്പ് ആതിഥേയത്വം ശ്രീലങ്കക്ക് നൽകിയാൽ അടുത്ത തവണ അവരുടെ വേദി ഞങ്ങൾക്ക് നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. പിഎസ്എലിലെ ശേഷിക്കുന്ന മത്സരങ്ങൾ നവംബറിൽ നടത്താനും ആലോചനയുണ്ട്”− പിസിബി പറയുന്നു.

