കൊവിഡ്: ക്രിക്കറ്റ് ലോകത്തെ പുതിയ പരിഷ്കാരങ്ങൾക്ക് അംഗീകാരം നൽകി ഐസിസി


ദുബൈ: കൊവിഡ് ആശങ്കക്കിടെ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളിൽ പുതിയ പരിഷ്കാരങ്ങൾ ഔദ്യോഗികമായി അംഗീകരിച്ച് ഐസിസി. കൊവിഡ് കാലത്തേക്കുള്ള ഇടക്കാല നിയമപരിഷ്കാരത്തിനാണ് ഐസിസി അംഗീകാരം നൽകിയത്. 

തുപ്പൽ വിലക്ക് പ്രാബല്യത്തിൽ: പന്തിന് തിളക്കം കൂട്ടാൻ കളിക്കാർ പന്തിൽ തുപ്പൽ തേക്കുന്നത് വിലക്കണമെന്ന് അനിൽ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐസിസി ക്രിക്കറ്റ് കമ്മിറ്റി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതാണ് ഇപ്പോൾ ഐസിസി ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത്. പന്തിൽ തുപ്പൽ പുരട്ടുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ‍ അന്പയർമാർ ടീമിന് രണ്ട് തവണ താക്കീത് നൽകും. ഇതിനുശേഷവും തെറ്റ് ആവർത്തിച്ചാൽ അഞ്ച് റൺസ് പെനാൽറ്റിയായി വിധിക്കും. പന്തിൽ തുപ്പൽ പുരട്ടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അന്പയർമാർ പന്ത് വാങ്ങി വൃത്തിയാക്കിയശേഷമെ കളി തുടരാൻ അനുവദിക്കൂ എന്നും നിർദേശത്തിൽ പറയുന്നു.

കൊവിഡ് പകരക്കാരൻ: മത്സരത്തിനിടെ പ്ലേയിംഗ് ഇലവനിലെ ഏതെങ്കിലും കളിക്കാരന്‍ കൊവിഡ് 19 ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ഇയാളെ ഐസൊലേഷനിലേക്ക് മാറ്റുന്നതിനൊപ്പം ഈ കളിക്കാരന് പകരം മറ്റൊരു കളിക്കാരനെ ഇറക്കാൻ ടീമുകളെ അനുവദിക്കും. 

ഡിആർഎസിന് കൂടുതൽ അവസരം: യാത്രാ വിലക്കുള്ളതിനാൽ പരിചയസന്പന്നരായ അന്പയർമാരുടെ അഭാവത്തിൽ താരതമ്യേന പുതുമുഖങ്ങളായ അന്പയർ‍മാർ മത്സരം നിയന്ത്രിക്കേണ്ട സാഹചര്യങ്ങൾ വരാനിടയുണ്ട്. ഇത് കണക്കിലെടുത്ത് ടെസ്റ്റിൽ ഓരോ ടീമിനും ഇനി മൂന്ന് ഡിആർഎസ് അവസരങ്ങളും ഏകദിനത്തിൽ രണ്ട് ഡിആർഎസ് അവസരങ്ങളും നൽകും. നിലവിൽ ഇത് യഥാക്രമം രണ്ടും ഒന്നുമാണ്.

സ്വദേശി അന്പയർ: ടെസ്റ്റ് മത്സരങ്ങൾ‍ നിയന്ത്രിക്കാൻ‍ നിഷ്‌പക്ഷ അന്പയർമാർ വേണമെന്നതാണ് നിയമമെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രാദേശിക അന്പയർമാരെയും മാച്ച് ഒഫീഷ്യൽസിനെയും മത്സരം നിയന്ത്രിക്കാനായി നിയോഗിക്കാം.

ലോഗോയിലും മാറ്റം: പുതിയ സാഹചര്യത്തിൽ ടെസ്റ്റിൽ കളിക്കാർ‍ക്ക് ജേഴ്സിയിൽ നെഞ്ചിന്റെ ഭാഗത്ത് 32 ചതുരശ്ര ഇഞ്ച് വലിപ്പത്തിൽ ഒരു ലോഗോ കൂടി കൂടുതലായി പ്രദർശിപ്പിക്കാൻ അവസരം നൽകും. നിലവിൽ മൂന്ന് ലോഗോകൾ മാത്രമാണ് ടെസ്റ്റിൽ ഒരു കളിക്കാരന്റെ ജേഴ്സിയിൽ പ്രദർശിപ്പിക്കാൻ അനുവദാമുള്ളത്. ടെസ്റ്റിൽ ജേഴ്സിയിലെ നെഞ്ചിന്റെ ഭാഗത്ത് ലോഗോ പ്രദർശിപ്പിക്കാനാവുമായിരുന്നില്ല. ഏകദിനത്തിൽ മാത്രാമായിരുന്നു ഇതുവരെ ഇതിന് അനുവാദമുണ്ടായിരുന്നത്. അടുത്ത ഒരുവർ‍ഷത്തേക്കായിരിക്കും ഈ മാറ്റമെന്നും ഐസിസി വ്യക്തമാക്കി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed