ദേവ്ദർ ട്രോഫിയ്ക്കുളള ഇന്ത്യൻ ടീമിൽ മലയാളി താരങ്ങൾ
ന്യൂഡൽഹി: ദേവ്ദർ ട്രോഫിയ്ക്കുളള ഇന്ത്യൻ ടീമുകളെ പ്രഖ്യാപിച്ചു. ഇന്ത്യ എ, ഇന്ത്യ ബി, ഇന്ത്യ സി എന്നീ ടീമുകളെയാണ് പ്രഖ്യാപിച്ചത്. ബംഗ്ലാദേശ് പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച ശേഷമാണ് ദേവ്ദർ ട്രോഫിക്കായുള്ള ടീമുകളുടെ പ്രഖ്യാപനം നടന്നത്.
ഇന്ത്യ എ ടീമിൽ രണ്ട് മലയാളി താരങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. വിജയ് ഹസാര ട്രോഫിയിൽ തകർപ്പൻ പ്രകടനമാണ് മലയാളി താരങ്ങൾക്ക് ഇന്ത്യ എ ടീമിലേക്ക് വഴിയൊരുക്കിയത്. സന്ദീപ് വാര്യർ, വിഷ്ണു വിനോദ് എന്നിവർ ഇന്ത്യ എ ടീമിലാണ്. ഹനുമ വിഹാരിയാണ് ടീമിനെ നയിക്കുക.
മറ്റൊരു കേരള താരമായ ജലജ് സക്സേന ശുഭ്മാൻ ഗിൽ നയിക്കുന്ന ഇന്ത്യ സി ടീമിലാണ്. ഇന്ത്യ ബി ടീമിന്റെ നായകൻ പാർത്ഥിവ് പട്ടേലാണ്.
ഇന്ത്യ സി ടീമാണ് നിലവിലെ ചാന്പ്യന്‍മാർ. രവിചന്ദ്രൻ അശ്വിൻ ഇന്ത്യ എ ടീമിലും മായങ്ക് അഗർവാൾ സി ടീമിലും കളിക്കുന്നുണ്ട്. ഇതോടെ ഇന്ത്യൻ ടീമിലേക്ക് പ്രവേശിക്കാൻ സുവർണാവസരമാണ് മലയാളി യുവതാരങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.
നേരത്തെ സഞ്ജു സാംസൺ ബംഗ്ലാദേശിനെതിരെ ടി20 പരന്പരയ്ക്കുളള ഇന്ത്യന്‍ ടീമിൽ ഇടംപിടിച്ചിരുന്നു.ഇതിന് പിന്നാലെയാണ് മലയാളി താരങ്ങൾ ദേവ്ദർ ട്രോഫിയ്ക്കുളള ടീമിലേക്കും തിരഞ്ഞെടുക്കപ്പെടുന്നത്.

