ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ജയം


ധാംബുള്ള : ശ്രീലങ്കയ്ക്കെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് മികച്ച ജയം. ടെസ്റ്റ് പരന്പരയിലെ ആധിപത്യം ഏകദിനത്തിലും നിലനിർത്തിയ ഇന്ത്യ അനായാസമായാണ് ലങ്കയോട് ജയിച്ചത്. ഒന്പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്ക മുന്നോട്ടുവെച്ച 217 റൺസ് വിജയലക്ഷ്യം ഇന്ത്യ 28.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. നാല് റൺസെടുത്ത രോഹിത് ശർമ്മയെയാണ് ഇന്ത്യക്ക് നഷ്ടമായത്. പിന്നീട് രണ്ടാം വിക്കറ്റിൽ ശിഖർ ധവാനൊപ്പം ചേർന്ന് നായകൻ വിരാട് കോഹ്്ലിയും മികച്ച രീതിയിൽ കളിച്ചപ്പോൾ ഇന്ത്യയുടെ ജയം അനായാസമായി.

സ്കോർ: ശ്രീലങ്ക 43.2 ഓവറി‍ൽ 216 റൺസിന് ഓൾഔട്ട്. ഇന്ത്യ 28.5 ഓവറിൽ ഒരുവിക്കറ്റിന് 220. വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ധവാൻ 90 പന്തിൽ നിന്നാണ് 132 റൺസ് നേടിയത്. 20 ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകന്പടിയോടെയായിരുന്നു ധവാന്റെ സെഞ്ച്വറി. തന്റെ ഏകദിന കരിയറിലെ 11−ാം സെഞ്ച്വറിയാണ് ധാംബുള്ളിയിൽ ധവാൻ പിന്നിട്ടത്. 70 പന്ത് നേരിട്ട കോഹ്്ലി 10 ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെ 82 റൺസും നേടി. ഇരുവരും രണ്ടാം വിക്കറ്റിൽ പുറത്താവാതെ 197 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും 43.2 ഓവറിൽ 216 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. 64 റൺസെടുത്ത ഡിക്ക്വെല്ലയാണ് ലങ്കയുടെ ടോപ്പ്സ്കോറർ. ഒരു വിക്കറ്റിന് 139 റൺസെന്ന നിലയിൽ നിന്നാണ് ലങ്ക 216ൽ കളിയവസാനിപ്പിച്ചത്. ലങ്കൻ മധ്യനിരക്കും വാലറ്റത്തിനും ഇന്ത്യൻ ബൗളർമാരുടെ മുന്നിൽ പിടിച്ചു നിൽക്കാനായില്ല. എയ്ഞ്ചലോ മാത്യൂസ് (36∗) ഗുണതിലക (35), മെൻഡിസ്(36) എന്നിവരും ലങ്കൻ നിരയിൽ തിളങ്ങി. ഇന്ത്യക്കായി 10 ഓവറിൽ 34 റൺസ് മാത്രം വഴങ്ങിയ അക്സർ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബുംറ, ചാഹൽ, കേദർ ജാദവ് എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു. രണ്ടാം ഏകദിനം 24ന് പല്ലക്കലയിൽ നടക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed