എഎഫ്‌സി കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഇന്ന് കിര്‍ഗിസ്ഥാനെതിരെ


ബംഗളൂരു : എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഇന്ന് കിര്‍ഗിസ്ഥാനെ നേരിടും. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ബഹ്‌റൈൻ സമയം വൈകീട്ട് നാലരക്കാണ് മത്സരം. ഗ്രൂപ്പില്‍ ഇരുടീമും ഓരോ ജയം നേടിയിട്ടുണ്ട്. ഇന്നു ജയിച്ചാല്‍ ഇന്ത്യക്ക് യോഗ്യതാ പ്രതീക്ഷ സജീവമാക്കാം.

ഇന്ത്യ മ്യാന്‍മറിനെ കീഴടക്കിയപ്പോള്‍, മക്കാവുവിനെയാണ് കിര്‍ഗിസ്ഥാന്‍ പരാജയപ്പെടുത്തിയത്. ഫിഫ ഫാങ്കിംഗില്‍ പിന്നിലുള്ള കിര്‍ഗിസ്ഥാനെ ഇന്ന് മറികടക്കാനാകും എന്ന പ്രതീക്ഷയിലാണ് സുനില്‍ ഛേത്രിയും സംഘവും. റാങ്കിംഗില്‍ ഇന്ത്യ 100 ലേക്ക് മുന്നേറിയപ്പോള്‍, കിര്‍ഗിസ്ഥാന്‍ 132 ആം സ്ഥാനത്താണ്.

സന്നാഹമത്സരത്തില്‍ നേപ്പാളിനെ 2-0ന് കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായാണ് ആതിഥേയര്‍ ഇന്ന് ബൂട്ടുകെട്ടുന്നത്. പരിക്കുമൂലം നായകന്‍ സുനില്‍ഛേത്രി കളിക്കാതിരുന്നപ്പോള്‍ മലയാളി താരം സി കെ വിനീതും ജെജെയുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. നിര്‍ണായകമല്‍സരത്തില്‍ നായകന്‍ സുനില്‍ഛേത്രി കളിച്ചേക്കും. സുനില്‍ ഛേത്രി കളിച്ചില്ലെങ്കില്‍ മലയാളി താരം സി കെ വിനീത് ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചേക്കും.

അവസാനം കളിച്ച അഞ്ച് മല്‍സരങ്ങളും ഇന്ത്യ ജയിച്ചപ്പോള്‍, കിര്‍ഗിസ്ഥാന്‍ രണ്ട് വിജയവും, രണ്ട് സമനിലയും ഒരു തോല്‍വിയും വഴങ്ങി. കഴിഞ്ഞ അഞ്ച് കളിയില്‍ നാലിലും ഗോള്‍ നേടിയ ജെജെ ലാല്‍ പെഖുലയാണ് ആക്രമണനിരയിലെ പ്രധാനി. റാങ്കിംഗില്‍ പിന്നിലാണെങ്കിലും, ഇന്ത്യയെക്കാള്‍ മികച്ച നിരയാണ് കിര്‍ഗിസ്ഥാന്റേത്. റഷ്യക്കാരന്‍ കോച്ച് അലെക്സാണ്ടര്‍ ക്രെസ്റ്റനിന്റെ കീഴില്‍ മികച്ച പ്രകടനമാണ് ടീം കാഴ്ച വെയ്ക്കുന്നത്. ക്യാപ്റ്റന്‍ അസാമത് ബായ്മതോവ് നയിക്കുന്ന പ്രതിരോധമാണ് ടീമിന്റെ ശക്തി. രണ്ടു ടീമുകളും മുന്‍പ് നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇരുടീമുകളും ഓരോ വിജയം കരസ്ഥമാക്കി. 2007 ല്‍ ഇന്ത്യ വിജയിച്ചപ്പോള്‍, 2010 ല്‍ കിര്‍ഗിസ്ഥാനായിരുന്നു വിജയം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed