അങ്കണവാടിയുടെ മുകളിലേയ്ക്ക് വാൻ മറിഞ്ഞു
ബത്തേരി: റോഡിൽ നിന്ന് താഴ്ചയിലുള്ള അങ്കണവാടിയുടെ മുകളിലേക്ക് നിയന്ത്രണം വിട്ട വാൻ തല കുത്തനെ മറിഞ്ഞു. കുട്ടികളും അദ്ധ്യാപികയും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. നിയന്ത്രണം വിട്ട വാൻ അങ്കണവാടിക്കെട്ടിടത്തിന്റെ മേൽക്കൂരയുടെ മുൻഭാഗം തകർത്ത് കൊണ്ട് വരാന്തയിലേക്കാണ് വാൻ പതിച്ചത്. നന്പ്യാർകുന്നിൽ നിന്ന് ചീരാലിലേക്ക് വരികയായിരുന്ന കൂത്തുപറന്പിൽ പ്രകാശിന്റെ വാനാണ് അപകടത്തിൽപെട്ടത്.
മഴയായതിനാൽ10 കുട്ടികളുള്ള അങ്കണവാടിയിൽ ഇന്നലെ 5 പേരെ ഹാജരുണ്ടായിരുന്നുള്ളു. അപകടം നടക്കുന്പോൾ അകത്തെ മുറിയിൽ ഉറങ്ങുകയായിരുന്നു.അദ്ധ്യാപികയും അതേ മുറിയിലാണ് ഉണ്ടായിരുന്നത്. കൂടുതൽ കുട്ടികൾ ഇന്നലെ വരാതിരുന്നതും മഴയായതിനാൽ കളിക്കാൻ പുറത്തിറങ്ങാതിരുന്നതും ദുരന്തം ഒഴിവാകുന്നതിന് സഹായകമായി. വാൻ ഓടിച്ചിരുന്ന പ്രകാശിനും പരിക്കില്ലാതെ രക്ഷപ്പെട്ടു.

