ഐപിഎൽ പുനരാരംഭിക്കാനുള്ള സാധ്യത തേടി ബിസിസിഐ

ഐപിഎൽ പുനരാരംഭിക്കാനുള്ള സാധ്യത തേടി ബിസിസിഐ . വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ വേദികളും തീയതിയും സംബന്ധിച്ച് ആലോചന തുടങ്ങി. കേന്ദ്രസർക്കാരിന്റെ അനുമതി കിട്ടിയാൽ ഉടൻ തുടങ്ങും. നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങൾ ഉൾപ്പെടെ ഉള്ളവരെ തിരികെ ക്യാമ്പുകളുടെ എത്തിക്കാൻ പദ്ധതികൾ തുടങ്ങി.
സംഘർഷം അവസാനിച്ചതതിനാൽ പുതിയ സാഹചര്യത്തിൽ ബിസിസിഐ ഭാരവാഹികളും ഉദ്യോഗസ്ഥരും ഐപിഎൽ ഗവേണിംഗ് കൗൺസിലും ഇന്ന് ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വാർത്താ ഏജൻസിയോട് വ്യക്തമാക്കി. ടൂർണമെന്റ് പൂർത്തിയാക്കാൻ ഏറ്റവും മികച്ച ഷെഡ്യൂൾ ഏതാണെന്ന് പരിശോധിക്കുമെന്ന് അദേഹം വ്യക്തമാക്കി.
ടൂർണമെന്റ് എത്രയും വേഗം പുനരാരംഭിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുന്നതിനാൽ പത്ത് ഫ്രാഞ്ചൈസികളും വിദേശ കളിക്കാരെയും പരിശീലക സ്റ്റാഫിനെയും ഇന്ത്യയിലേക്ക് തിരിച്ചുവിളിക്കാൻ ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ മെയ് 15ന് ഐപിഎൽ ആരംഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിന് പിന്നാലെയാണ് ഐപിഎൽ താത്കാലികമായി നിർത്തിവെച്ചിരുന്നത്.
പ്ലേഓഫുകൾ ഉൾപ്പെടെ ടൂർണമെന്റിൽ 16 മത്സരങ്ങൾ കൂടെയാണ് ബാക്കിയുള്ളത്. ഐപിഎൽ ഗവേണിങ് കൗൺസിൽ, ടീം ഫ്രാഞ്ചൈസികൾ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് മത്സരങ്ങൾ നിർത്തിവെക്കാൻ തീരുമാനിച്ചത്. രാജ്യം യുദ്ധസമാന സാഹചര്യത്തിൽ നിൽക്കുമ്പോൾ ഐപിഎൽ മത്സരങ്ങൾ തുടരുന്നത് ഉചിതമായി തോന്നുന്നില്ലെന്നായിരുന്നു ബിസിസിഐ നിലപാടെടുത്തിരുന്നത്.
zsdfzf