ഫ്‌ളൂ വാക്‌സിൻ സ്വീകരിക്കണമെന്ന് സൗദി ആരോഗ്യമന്ത്രാലയം

ഫ്‌ളൂ വാക്‌സിൻ സ്വീകരിക്കാൻ പൊതുജനങ്ങളോട് സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. ഫ്‌ളൂ വാക്‌സിൻ ഫലപ്രദവും സുരക്ഷിതവുമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇൻഫ്‌ളുവൻസ വൈറസിനെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം വാക്‌സിൻ എടുക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി പറഞ്ഞു.
ഫ്‌ളൂ വാക്‌സിൻ എൺപത് ശതമാനവും ഫലപ്രദമാണ്. വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ തീവ്രപരിചരണം ആവശ്യമായി വരുന്ന രോഗികളുടെ എണ്ണത്തിൽ കുറവ് വരും. വാക്‌സിനെടുക്കുന്നതിനായി സെഹാട്ടി ആപ്ലിക്കേഷൻ വഴി ബുക്കിംഗ് നടത്താമെന്നും ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി പറഞ്ഞു.
സൗദിയിൽ ഇൻഫ്‌ളുവൻസ ബാധിതരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. യഥാസമയം വാക്‌സിൻ സ്വീകരിച്ചില്ലെങ്കിൽ രോഗം സങ്കീർണമാകുകയും മരണം സംഭവിക്കുകയോ ചെയ്‌തേക്കാം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ഓരോ വർഷവും ഇൻഫ്‌ളുവൻസ വൈറസ് ബാധിക്കുന്നുണ്ട്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, ആസ്ത്മ ഉൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഹൃദ്രോഗികൾ എന്നിവർക്കാണ് അപകടസാധ്യതയുള്ളത്.
രോഗനിയന്ത്രണത്തിനായി ജനത്തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക, കൈകൾ നന്നായി കഴുകുക, കണ്ണും വായും നേരിട്ട് തൊടരുത്, തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ടിഷ്യൂകൾ ഉപയോഗിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയ നിർദേശങ്ങൾ ജനങ്ങൾ പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു.
6r576