പ്രഭാത സവാരിക്ക് പോയ സമയത്ത് മുൻ കൗൺസിലറുടെ വീട്ടിൽ മോഷണം; 31 പവൻ സ്വർണം നഷ്ടമായി

പാലക്കാട് ചിറ്റൂരിൽ വീട്ടുടമ പ്രഭാത സവാരിക്ക് പോയ സമയത്ത് മോഷണം. 31 പവൻ സ്വർണ്ണം നഷ്ടമായി. മുൻ കൗൺസിലർ സുന്ദരേശന്റെ വീട്ടിലാണ് മോഷണം നടന്നത്. ചിറ്റൂർ പൊലീസ് അന്വേഷണം ആരംഭിച്ചു
ഇന്നലെ പുലർച്ചൊയണ് മോഷണം നടന്നത്. അമ്പാട്ടുപാളയം കോലാക്കളത്തിൽ സുന്ദരേശനും ഭാര്യയും പ്രഭാത സവാരിക്ക് പോയ സമയത്താണ് വീട്ടിൽ മോഷണം നടന്നത്. പ്രാർത്ഥന മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 31.5 പവൻ സ്വർണമാണ് കവർന്നത്. അലമാരിക്ക് പുറത്തുവച്ച താക്കോൽ ഉപയോഗിച്ചാണ് മോഷണം നടത്തിയത്.
പൂജയ്ക്കായി ഉപയോഗിക്കുന്ന മോതിരം എടുക്കാനായി അലമാര തുറന്നപ്പോഴാണ് സുന്ദരേശൻ മോഷണ വിവരം അറിയുന്നത്. ചിറ്റൂർ പൊലീസും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്ത് എത്തി വിവരങ്ങൾ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് ചിറ്റൂർ ഡിവൈഎസ്പി പറഞ്ഞു.
സുന്ദരേശനും ഭാര്യയും പുലർച്ചെ പ്രഭാത സവാരിക്ക് പോകാറുണ്ടെന്ന് അറിയാവുന്നയാളാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
e6e45