പാക് പ്രധാനമന്ത്രി അപേക്ഷിച്ചു; മൂന്ന് ബില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് സൗദി

ഇസ്ലാമാബാദ്: സാന്പത്തിക പ്രതിസന്ധി കൊണ്ട് കഷ്‌ടപ്പെടുന്ന പാകിസ്ഥാന് സഹായവുമായി സൗദി അറേബ്യ. ഇന്ധന പ്രതിസന്ധി മറികടക്കാനും പാകിസ്ഥാന് കൈയയച്ച് സൗദി സഹായം നൽകി. മിഡിൽ ഈസ്‌റ്റ് ഗ്രീൻ ഇനിഷ്യേറ്റീവ് യോഗത്തിന് റിയാദിലെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സാന്പത്തിക പ്രതിസന്ധി മറികടക്കാൻ പാകിസ്ഥാനെ സഹായിക്കണമെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനോട് അപേക്ഷിച്ചിരുന്നു.
ഇമ്രാന്റെ അപേക്ഷ പരിഗണിച്ച സൽമാൻ രാജകുമാരൻ മൂന്ന് ബില്യൺ ഡോളർ സഹായം പാകിസ്ഥാന് പ്രഖ്യാപിച്ചു. സംസ്‌കരിച്ച പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങുന്നതിനായി 1.2 ബിൽയൺ ഡോളർ സഹായവും സൽമാൻ പ്രഖ്യാപിച്ചു. സാന്പത്തിക സഹായം അനുവദിച്ചതിന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനോട് തനിക്ക് നന്ദിയുണ്ടെന്നും പാക് സെൻട്രൽ ബാങ്കിൽ മൂന്ന് ബിൽയൺ ഡോളറും സംസ്‌കരിച്ച പെട്രോളിയം ഉൽപന്നങ്ങൾക്കായി 1.2 ബിൽയൺ ഡോളറും നൽകിയെന്നും ഇമ്രാൻ പറഞ്ഞു. പ്രയാസകരമായ സമയത്ത് എന്നും സൗദി ഒപ്പമുണ്ടായിരുന്നെന്നും ഇമ്രാൻ ഖാൻ ട്വിറ്ററിലൂടെ പ്രതികരിച്ചു.