ഹജ്ജിന് അനുമതി പത്രമില്ലാത്തവർക്ക് മക്കയിലെ പുണ്യസ്ഥലങ്ങളിൽ നാളെ മുതൽ വിലക്ക്
ജിദ്ദ: ഹജ്ജ് തീർത്ഥാടനത്തിന് അനുമതി പത്രമില്ലാത്തവർക്ക് പുണ്യസ്ഥലങ്ങളായ മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിൽ നാളെ മുതൽ പ്രവേശന വിലക്ക്. ദുൽഹജ്ജ് 12 വരെ നിയന്ത്രണം തുടരും. പുണ്യസ്ഥലങ്ങളിലേക്ക് എത്തുന്ന റോഡുകളിൽ ചെക്ക് പോയിന്റുകൾ ക്രമീകരിച്ചാണ് നിയന്ത്രണം നടപ്പാക്കുന്നത്.
അനുമതി പത്രമില്ലാത്ത സ്വദേശികളെയും വിദേശികളെയും പുണ്യസ്ഥലങ്ങളിലേക്ക് കടത്തി വിടില്ലെന്ന് സുരക്ഷാ വിഭാഗം അറിയിച്ചിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ കർശന പരിശോധനകൾക്ക് ശേഷം മാത്രമാകും പുണ്യസ്ഥലങ്ങളിലേക്ക് ആളുകളെ കടത്തി വിടുക. ഇതിനായി സുരക്ഷാ വകുപ്പ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവർക്ക് 10,000 റിയാൽ പിഴ ഈടാക്കുമെന്നും ഇത് ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.


