മാസ്ക് ധരിച്ചില്ല: സൗദിയിൽ മലയാളി യുവാവിന് എട്ടുമണിക്കുർ തടവും 2500 റിയാൽ പിഴയും
റിയാദ്: ലഘുഭക്ഷണശാലയിൽ നിന്ന് ചായവാങ്ങാൻ കാറിൽ നിന്ന് മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ മലയാളിക്ക് എട്ടുമണിക്കുർ തടവും 2500 റിയാൽ പിഴയും. ജോലിയുടെ ഭാഗമായി ദമ്മാമിൽ നിന്ന് റിയാദിൽ എത്തിയ എറണാകുളം സ്വദേശിക്കാണ് ശിക്ഷ ലഭിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഇദ്ദേഹം ദമ്മാമിൽ നിന്ന് റിയാദിലേക്ക് കാറോടിച്ച് പോയത്. വഴിയിൽ നിർത്തി ഒരു ലഘുഭക്ഷണശാലയിൽ നിന്ന് ചായയും സാന്റ്‍വിച്ചും വാങ്ങാൻ ശ്രമിക്കുകയായിരുന്നു. അൽപസമയത്തിനുള്ളിൽ പൊലീസിന്റെ സ്‍പെഷ്യൽ സ്ക്വാഡ് എത്തുകയും മാസ്‍ക് ധരിക്കാത്തതിന്റെ പേരിൽ ഇയാളെ പിടികൂടുകയുമായിരുന്നു.
മാസ്‍കും ഇഖാമയും വാഹനത്തിലാണെന്ന് പറഞ്ഞെങ്കിലും രക്ഷപ്പെട്ടില്ല. തുടർന്ന് മാസ്‍ക് ധരിക്കാത്തതിന് 1000 റിയാലും കാർ പൊലീസ് േസ്‍റ്റഷനിൽ എത്തിച്ചതിനുള്ള ചെലവായി 1500 റിയാലും ചേർത്ത് 2500 റിയാൽ പിഴ ചുമത്തുകയായിരുന്നു.

