കോവിഡ്: നാട്ടിൽ പോകാൻ വിഷമിക്കുന്ന ഇന്ത്യക്കാർക്ക് ബിപിഎൽ കാർഗോ എയർ ടിക്കറ്റ് നൽകുന്നു


റിയാദ്: കോവിഡ് പശ്ചാത്തലത്തിൽ വിമാനങ്ങൾ മുടങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനു വേണ്ടി നടപ്പാക്കുന്ന പദ്ധതിയിൽ ടിക്കറ്റ് എടുക്കാൻ പണമില്ലാതെ നാട്ടിൽ പോകാൻ വിഷമിക്കുന്ന ഇന്ത്യക്കാരെ സഹായിക്കാൻ റിയാദിലെ ബിപിഎൽ കാർഗോ ഗ്രൂപ്പ് ടിക്കറ്റുകൾ നൽകുന്നു. ബിപിഎൽ കാർഗോ കമ്യൂണിറ്റി സോഷ്യൽ റെസ്പോണ്‍സബിലിറ്റി പദ്ധതിയുടെ ഭാഗമയാണ് ടിക്കറ്റ് വിതരണം ചെയ്യുന്നതെന്ന് ബിപിഎൽ പ്രസിഡന്‍റ് അബ്ദുൾ ഹമീദ് അൽ മുബാറക്ക് പറഞ്ഞു. 

വിവിധ പ്രവാസി സംഘടനകളും സ്ഥാപനങ്ങളുമായി ചേർന്ന് സ്വദേശത്തേക്ക് തിരിച്ചു പോകുന്ന അർഹരായവരെ കണ്ടെത്തി 25 ടിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. കാർഗോ, ഫോർവേഡിംഗ് രംഗത്തുളള ബിപിഎൽ സാമൂഹിക ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ അതീവ ശ്രദ്ധയാണ് പുലർത്തുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞകാല പദ്ധതികൾ മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ സൗജന്യ ടിക്കറ്റിന് അർഹരായവരെ കണ്ടെത്തുന്നതിനാണ് പൊതുജനങ്ങളെ അറിയിക്കുന്നത്. ഇതിനായി സന്നദ്ധ സംഘടനകളായ റിയാദിലെ കെ എംസിസി, ഒഐസിസി, ദമാമിലെ നവോദയ എന്നീ സംഘടനകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.


ജോലി നഷ്ടപ്പെട്ട് നാട്ടിലേക്കു മടങ്ങാൻ ടിക്കറ്റിന് നിർവാഹമില്ലാത്തവർ, ജയിൽ മോചിതരായി നാട്ടിലേക്ക് മടങ്ങാനുളളവർ തുടങ്ങി ഏറ്റവും അർഹതപ്പെട്ടവർക്കാണ് ടിക്കറ്റ് നൽകുകയെന്നും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ബിപിഎൽ കാർഗോ ഇനിയും മുന്നിൽ ഉണ്ടാകുമെന്നും മാനേജ്മെന്‍റ് അറിയിച്ചു. സൂം വാർത്ത സമ്മേളനത്തിൽ ബിപിഎൽ പ്രസിഡന്‍റ് അബ്ദുൾ ഹമീദ് അൽ മുബാക്ക്, കണ്‍ട്രി മാനേജർ ജോണ്‍ വർഗീസ്, സെൻട്രൽ മാനേജർ മുഹമ്മദ് സുഫിയാൻ എന്നിവർ പങ്കെടുത്തു.

You might also like

  • Straight Forward

Most Viewed