സൗദി അറേബ്യയിൽ കാറിടിച്ച് മലയാളി യുവാവിനു ദാരുണ അന്ത്യം


റിയാദ്: സൗദി അറേബ്യയിൽ കാറിടിച്ച് മലയാളി യുവാവിനു ദാരുണ അന്ത്യം. റോഡു മുറിച്ചു കടക്കുമ്പോൾ അതിവേഗതയിൽ വന്ന കാറിടിച്ച് തിരുവനന്തപുരം നാവായിക്കുളം സീമന്തപുരം സ്വദേശി നിസാ മൻസിലിൽ നിഷാദ് (29) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെ കിഴക്കൻ പ്രവിശ്യയിലെ ദമ്മാം - അൽഖോബാർ ഹൈവേയിൽ സ്റ്റേഡിയം സിഗ്നലിന് സമീപമായിരുന്നു അപകടം. 

ദമ്മാം സീകോ ബിൽഡിങ്ങിന് സമീപം ഒരു കടയിലെ ജീവനക്കാരനായിരുന്നു. നാലു വർഷമായി സൗദിയിലുണ്ട്. നാലുമാസം മുമ്പാണ് വിവാഹം കഴിഞ്ഞ് തിരിച്ചെത്തിയത്. അതിനിടയിൽ പിതാവിന് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് 15 ദിവസത്തെ അവധിക്ക് നാട്ടിൽ പോയി ഒരാഴ്ച മുമ്പാണ് തിരിച്ചെത്തിയത്. രാത്രിയിൽ ജോലികഴിഞ്ഞ് സഹോദരീ ഭർത്താവിനെ കാണാൻ പോകുന്നതിനാണ് റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവേ സൗദി പൗരൻ ഓടിച്ച ജി.എം.സി വാഹനം അതിവേഗതയിലെത്തി ഇടിക്കുകയായിരുന്നു. ഇടിയേറ്റ് തെറിച്ചുവീണ യുവാവ് തൽക്ഷണം മരിച്ചു. ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഇബ്രാഹിം-റാഹില ദമ്പതികളുടെ മകനാണ് മരിച്ച നിഷാദ്. ഭാര്യ: ഷബ്ന. സഹോദരീ ഭർത്താവ് അൻസാരി ദമ്മാമിലുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed