ഡ്രോണ്‍ ആക്രമണം: പരുക്കേറ്റവരില്‍ മലയാളിയും
സൗദി : അബ്ഹ വിമാനത്താവളത്തിനു നേരെ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റവരില്‍ മലയാളിയും. മലപ്പുറം പാണ്ടിക്കാട് സ്വദേശി സെയ്ദാലിക്കാണ് പരുക്കേറ്റത്. ആക്രമണത്തില്‍ ഒരു സിറിയന്‍ പൌരന്‍ കൊല്ലപ്പെട്ടു. യെമന്‍ അതിര്‍ത്തിയില്‍ നിന്നും ഇരുന്നൂറു കിലോമീറ്റര്‍ അകലെയുള്ള അബ്ഹ രാജ്യാന്തര വിമാനത്താവളത്തിനു നേരെ ഹൂതി വിമതര്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. ഈ മാസം രണ്ടാം തവണയാണ് വിമാനത്താവളം ആക്രമിക്കപ്പെടുന്നത്. നാലു ഇന്ത്യക്കാരടക്കം 21 പേര്‍ക്കു പരുക്കേറ്റു. അബ്ഹയില്‍ പത്തുവര്‍ഷമായി ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന പാണ്ടിക്കാട് സ്വദേശി സെയ്ദാലിക്കു ആക്രമണത്തില്‍ പരുക്കേറ്റു. മകനെ നാട്ടിലേക്ക് യാത്രഅയക്കാന്‍ വിമാനത്താവളത്തിലെത്തിയതായിരുന്നു സെയ്ദാലിയും കുടുംബവും.
ഇടതുനെഞ്ചില്‍ പരുക്കേറ്റ സെയ്ദാലിയെ സൌദി ജര്‍മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കു ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. റണ്‍വേയിലെ വിമാനം ലക്ഷ്യമിട്ട ഡ്രോണ്‍, ലക്ഷ്യം തെറ്റി പാര്‍ക്കിങ് ഏരിയയില്‍ പതിച്ചാണ് അപകടമുണ്ടായതെന്നു സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍ മാല്‍ക്കി പറഞ്ഞു. ഇറാന്‍ പിന്തുണയോടെ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തെ അമേരിക്ക, യു.എ.ഇ, ബഹ്റൈന്‍ തുടങ്ങി വിവിധ രാജ്യങ്ങള്‍ അപലപിച്ചു

