വേതന സുരക്ഷാ പദ്ധതി : ഗുണം ലഭിച്ചത് 60 ലക്ഷത്തിലേറെ പേർക്ക്
ജിദ്ദ : സൗദിയിൽ 60 ലക്ഷത്തിലേറെ പേർക്ക് വേതന സുരക്ഷാ പദ്ധതിയുടെ ഗുണം ലഭിക്കുന്നതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം അവസാനമായപ്പോഴേക്കും രാജ്യത്തെ 42,418 സ്വകാര്യ സ്ഥാപനങ്ങൾ വേതന സുരക്ഷാ പദ്ധതിയിൽ അംഗമായി. നിലവിൽ 61,54,366 പേർക്ക് പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ടെന്ന് സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു.
തൊഴിലാളികൾക്ക് കരാർ പ്രകാരമുള്ള ശന്പളവും ആനുകൂല്യങ്ങളും കൃത്യസമയത്ത് ബാങ്ക് വഴി ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഘട്ടം ഘട്ടമായി രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും പദ്ധതിക്ക് കീഴിൽ വരുമെന്ന് മന്ത്രാലയം വക്താവ് ഖാലിദ് അബൽ ഖൈൽ അറിയിച്ചു. പദ്ധതി നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശ്ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൃത്യ സമയത്ത് ശന്പളം നൽകിയില്ലെങ്കിൽ 3000 റിയാൽ വരെയാണ് പിഴ. മൂന്നു മാസം ശന്പളം വൈകിയാൽ സ്ഥാപനത്തിനുള്ള സർക്കാർ സേവനങ്ങൾ നിർത്തി വെക്കും. കൂടാതെ തൊഴിലാളികൾക്ക് തൊഴിലുടമയുടെ അനുമതി ഇല്ലാതെ വേറെ ജോലി കണ്ടെത്തി സ്പോൺസർഷിപ്പ് മാറാൻ അവസരം നൽകും.
തൊഴിലാളികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓൺലൈൻ വഴി യഥാസമയം അപ്ഡേറ്റ് ചെയ്യണമെന്ന് സ്വകാര്യ സ്ഥാപനങ്ങളെ തൊഴിൽ മന്ത്രാലയം ഓർമ്മിപ്പിച്ചു.

