സൗദിയിൽ വൻകിട കപ്പൽ നിർമ്മാണശാല വരുന്നു
ദമാം : സൗദി അറേബ്യയുടെ കിഴക്കൻ തീരത്ത് വൻകിട കപ്പൽശാല സ്ഥാപിക്കുന്നു. കിഴക്കൻ തീരത്തെ റാസൽഖൈറിൽ കപ്പൽശാലയുടെ നിർമ്മാണജോലികൾക്ക് തുടക്കമായിട്ടുണ്ട്. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന, റിഗ്ഗ് നിർമ്മാതാക്കളായ ലാംപ്രെൽ, സൗദി അറാംകൊ, സൗദിയിലെ നാഷണൽ ഷിപ്പിംഗ് കന്പനി (ബഹ്രി), ദക്ഷിണ കൊറിയയിലെ ഹ്യൂണ്ടായ് ഹെവി ഇൻഡസ് ട്രീസ് എന്നിവ അടങ്ങിയ കൺസോർഷ്യമാണ് കപ്പൽശാല നിർമ്മിക്കുന്നത്.
നാലു കന്പനികളും ഉൾപ്പെട്ട ഇന്റർനാഷണൽ മാരിറ്റൈം ഇൻഡസ്ട്രീസ് എന്ന് പേരിട്ട സംയുക്ത സ്ഥാപനത്തിനാണ് നിർമ്മാണ ചുമതല. സൗദി ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഫണ്ടുമായി വായ്പാ ധാരണയിൽ എത്തിയതിനെ തുടർന്നാണ് നിർമ്മാണ ജോലികൾ ആരംഭിച്ചത്. പദ്ധതിക്ക് 100 കോടി ഡോളർ വായ്പ അനുവദിക്കാൻ കഴിഞ്ഞ വർഷം സൗദി ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഫണ്ട് തത്വത്തിൽ സമ്മതിച്ചിരുന്നു.
സൗദി അറാംകൊ എക്സിക്യൂട്ടീവ് ആണ് പദ്ധതി സി.ഇ.ഒ. പദ്ധതിക്ക് ആകെ 530 കോടി ഡോളർ (രണ്ടായിരം കോടി റിയാൽ) ചെലവു വരുമെന്ന് സൗദി അറാംകൊ നേരത്തെ വെളി പ്പെടുത്തിയിരുന്നു. നിർമ്മാണ കാലത്ത് പദ്ധതിയിൽ ലാംപ്രെൽ 14 കോടി ഡോളറാണ് മുതൽ മുടക്കുക. കപ്പൽ നിർമ്മാണം, കപ്പൽ അറ്റകുറ്റപ്പണി, റിഗ്ഗ് നിർമ്മാണം എന്നിവ അടക്കമുള്ള മേഖലകളിലാണ് റാസൽഖൈർ കപ്പൽശാല പ്രവർത്തിക്കുക. 80,000തൊഴിലവസരങ്ങൾ സൃഷ്ടിക്കു മെന്ന് പ്രതീക്ഷിക്കുന്നതായി സൗദി അറാംകൊ പറഞ്ഞു.

