യമൻ സെൻട്രൽ ബാങ്കിൽ സൗദിയുടെ രണ്ട് ബില്യൺ ഡോളർ നിക്ഷേപം
റിയാദ് : യമൻ സെൻട്രൽ ബാങ്കിൽ സൗദി അറേബ്യയുടെ രണ്ട് ബില്യൺ ഡോളർ നിക്ഷേപം. യുദ്ധം മൂലം ദുരിതത്തിലായ യമന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കാണ് ധനസഹായം. ഇത് സംബന്ധിച്ച കരാറിൽ യമൻ സെൻട്രൽ ബാങ്ക് ഗവർണർ ഡോ: മുഹമ്മദ് ബിൻ മൻസൂർ സമാം, സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ എന്നിവർ തമ്മിൽ റിയാദിൽ ഒപ്പുവെച്ചു. സൽമാൻ രാജാവിന്റെ നിർദേശ പ്രകാരമാണ് ധനസഹായം.
ദുരിതമനുഭവിക്കുന്ന യമൻ ജനതക്ക് നൽകുന്ന സഹായത്തിന്റെ തുടർച്ചയായാണ് സെൻട്രൽ ബാങ്കിന് നൽകുന്ന ധനസഹായമെന്ന് ധനകാര്യ മന്ത്രി പറഞ്ഞു. ഇതോടെ യമൻ സെൻട്രൽ ബാങ്കിന് സൗദി അനുവദിക്കുന്ന ധനസഹായം മൂന്ന് ബില്യണായി. യമൻ ജനതക്കുള്ള ധനസഹായം എന്ന നിലക്കാണ് സൗദി ഫണ്ട് അനുവദിക്കുന്നത്. ജനങ്ങളുടെ ജീവിത നിലവാം മെച്ചപ്പെടുത്തുന്നതോടൊപ്പം സാന്പത്തിക വിപണിയിൽ യമൻ റിയാലിന്റെ മൂല്യം ഉയർത്താനും സൗദിയുടെ നീക്കം കാരണമായേക്കും.
യമനിൽ സുരക്ഷിതാവസ്ഥ തിരുച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നതോടൊപ്പം ജനങ്ങളുടെ പ്രശ്നപരിഹാരത്തിനുള്ള സൗദിയുടെ ശ്രമം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഇറാൻ പിന്തുണയോടെ ഹൂതി വിഘടനവാദികൾ സർക്കാർ സ്ഥാപനങ്ങൾ പിടിച്ചെടുത്തതും കൊള്ളയും കൊള്ളിവെപ്പും തുടർന്നതും യമൻ റിയാലിന്റെ മൂല്യം കുറയാൻ കാരണമായിട്ടുണ്ട്. പൗരന്മാരുടെ ജീവിതം പ്രയാസകരമാവാനും ഇത് കാരണമായി. ഇത്തരം സാന്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കൂടിയാണ് സൗദി ഭരണകൂടം ശ്രമിക്കുന്നത്.
ഹൂതി വിമതർ 2015ൽ നിയന്ത്രണത്തിലാക്കിയ അഞ്ച് ദക്ഷിണ പ്രവിശ്യകൾ സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യത്തിന്റെ പിന്തുണയോടെ യമൻ സൈന്യം വീണ്ടെടുത്തിരുന്നു. എന്നാൽ തലസ്ഥാന നഗരിയായ സനയും യമന്റെ വടക്കൻ പ്രദേശങ്ങളും ഇപ്പോഴും ഹൂതികളുടെ കൈവശം തന്നെയാണുള്ളത്.

