മലയാളി നഴ്‌സുമാർക്ക് സൗദി സർക്കാരിന്റെ അംഗീകാരം
റിയാദ് : സൗദി എയർലൈൻസിന്റെ വിമാനത്തിലെ യാത്രക്കാരന് ദേഹാസ്വാസ്ഥ്യമുണ്ടായപ്പോൾ സമയോചിതമായി ഇടപെട്ട് പ്രാഥമികചികിത്സ നൽകി ജീവൻ രക്ഷിച്ച മലയാളി നഴ്‌സുമാർക്ക് സൗദി സർക്കാരിന്റെ അംഗീകാരം. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ആറിന് കൊച്ചിയിൽനിന്ന് ജിദ്ദയിലേക്ക് പോയ സൗദി എയർലൈൻസിലെ യാത്രക്കാരൻ വാഴക്കാട് സ്വദേശി മുഹമ്മദിനാണ്(77) ദേഹാസ്വാസ്ഥ്യമുണ്ടായത്.
വിവരം ശ്രദ്ധയിൽപ്പെട്ടയുടൻ ഉപ്പുതറ വാളികുളം കരോൾ ഫ്രാൻസിസിന്റെ ഭാര്യ എ.പി ജോമോൾ, എറണാകുളം സ്വദേശിനി നീന ജോസ് എന്നിവർ ചേർന്ന് പ്രാഥമികചികിത്സ നൽകി. തുടർന്ന് വിമാനം അടിയന്തരമായി മുംബൈ വിമാനത്താവളത്തിലിറക്കി മുഹമ്മദിനെ ആശുപത്രിയിലാക്കി. സൗദി കുൻഷുദ ഗവ. ആശുപത്രിയിലെ നഴ്‌സുമാരാണ് ജോമോളും നീന ജോസും. അവധിക്കു വീട്ടിലെത്തി മടങ്ങുകയായിരുന്നു ഇരുവരും.
വിവരം എയർലൈൻസ് അധികൃതരാണ് സൗദി സർക്കാരിനെ അറിയിച്ചത്. തുടർന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഷാമി അൽ അദിഖി ആശുപത്രിയിലെത്തി നഴ്സ്മാർക്ക് പ്രശസ്തി പത്രം നൽകി ആദരിക്കുകയായിരുന്നു.

