എണ്ണ ഉൽ­പ്പാ­ദന നി­യന്ത്രണത്തിന് ഉറച്ച പി­ന്തു­ണ നൽ­കു­മെ­ന്ന് യു­.എ.ഇ


അബുദാബി : സൗദിയുടെ നേതൃത്വത്തിൽ, എണ്ണ ഉൽപാദനം നിയന്ത്രിക്കാനുള്ള നടപടികൾക്ക് യു.എ.ഇ ഉറച്ചപിന്തുണ നൽകും. രാജ്യാന്തര തലത്തിൽ എണ്ണവിപണിയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നടപടി. വിപണിയിൽ അധിക എണ്ണ എത്തുന്നതു തടയുന്നതിന്റെ ഭാഗമായി ഒപെക്കും ഒപെക് ഇതര രാജ്യങ്ങളും സ്വീകരിച്ച നടപടികൾ രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിൽ സംഭരണം വളരെ കുറയ്ക്കാൻ സഹായിച്ചെന്നും ഒപെക് കോൺഫറൻസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഊർജ്ജ, വ്യവസായ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറാജ് ഫാരിസ് അൽ മസ്റൂയി പറഞ്ഞു. 

കഴിഞ്ഞ വർഷം നവംബർ 30നു ചേർന്ന ഒപെക് രാജ്യങ്ങളിലെ മന്ത്രിതല യോഗത്തിൽ ഉൽപ്പാദനം ദിവസേന 18 ലക്ഷം ബാരലായി കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. ഒപെക്കിലെ 24 അംഗങ്ങളും ഒപെക് ഇതര രാജ്യങ്ങളും ചേർന്നെടുത്ത തീരുമാനമാണിത്. ഒപെക് കോൺഫറൻസിന്റെ മുൻ അധ്യക്ഷനും സൗദി ഊർജ, വ്യവസായ, മിനറൽ റിസോഴ്സസ് മന്ത്രിയായ ഖാലിദ് എ.അൽ ഫാലി ഇക്കാര്യത്തിൽ മികച്ച സംഭാവനകൾ നൽകി. 

വിപണിയിൽ സന്തുലനം സൂക്ഷിക്കാൻ അദ്ദേഹം നിർണായകമായ നടപടികൾ സ്വീകരിച്ചു. അദ്ദേഹത്തിന്റെ പാത പിന്തുടരാനാണു തീരുമാനിച്ചിരിക്കുന്നതെന്നും യു.എ.ഇ മന്ത്രി അറിയിച്ചു. നൂതന ആശയങ്ങളിലൂടെയും ക്രിയാത്മക പ്രവർത്തനങ്ങളിലൂടെയും മറ്റും സുസ്ഥിരമായ വികസന ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കാനാണു ശ്രമം. 

എണ്ണ ഉൽപ്പാദനമില്ലാത്ത രാജ്യങ്ങളുമായി വിപണിയിൽ സഹകരണം ഉറപ്പാക്കുകയും ഉൽപ്പാദകരുടെയും ഉപഭോക്താക്കളുടെയും ആഗ്രഹപ്രകാരമുള്ള വിപണി സുസ്ഥിരത കൈവരിക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യും. സഹകരണത്തിന്റെ ഫലമായി കഴിഞ്ഞ വർഷം ഹ്രസ്വകാലം മുതൽ ദീർഘകാലം വരെയുള്ള വിപണി സ്ഥിരത ഉറപ്പാക്കാൻ കഴിഞ്ഞു. 2014, 2015, 2016 കാലയളവിൽ രാജ്യാന്തര വിപണിയിൽ വിലയിലുണ്ടായ വലിയ ഏറ്റക്കുറച്ചിലുകൾ ഒഴിവാക്കാൻ കഴിഞ്ഞ വർഷം കഴിഞ്ഞു. 

രാജ്യാന്തര രംഗത്തു സാന്പത്തിക മേഖലയിലെ വളർച്ചയാണു സൂചിപ്പിക്കുന്നത്. എണ്ണയുടെ ആവശ്യം വർദ്ധിക്കുമെന്നാണു പ്രതീക്ഷ. 2040ലെ ഊർജ ആവശ്യങ്ങളിൽ 52 ശതമാനം എണ്ണ, വാതക മേഖലയിൽ നിന്നായിരിക്കുമെന്നാണു കണക്കുകൂട്ടൽ. 

ഇതോടൊപ്പം കാർബൺ പുറന്തള്ളുന്നതു കുറയ്ക്കാനും നടപടികൾ സ്വീകരിക്കുന്നുണ്ട്. അടുത്ത മാസം എണ്ണ ഉൽപാദനത്തിൽ ഒരുലക്ഷം വീപ്പയുടെ കുറവ് വരുത്താൻ കഴിഞ്ഞ ദിവസം സൗദി അറേബ്യ തീരുമാനിച്ചിരുന്നു. വിപണിയിൽ എണ്ണയുടെ അധിക ലഭ്യത ഒഴിവാക്കാനുള്ള നടപടികളുടെ ഭാഗമായാണു സൗദി നടപടി പ്രഖ്യാപിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed