സൗദി അറേബ്യയെ കരുത്തുറ്റ രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യം : അൽ ജുബൈർ
റിയാദ് : സൗദിയെ കരുത്തുറ്റ രാജ്യമാക്കി മാറ്റുന്നതിനാണ് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആഗ്രഹിക്കുന്നതെന്ന് വിദേശ മന്ത്രി ആദിൽ അൽ ജുബൈർ പറഞ്ഞു. ഇത്രയും വേഗത്തിലും ധീരമായും സൗദി അറേബ്യ മുന്നോട്ടു പോകുന്നത് മുന്പ് ലോകം കണ്ടിട്ടില്ല. സൗദി അറേബ്യ മന്ദഗതിയിലാണ് മുന്നോട്ടു പോകുന്നത് എന്നു നേരത്തെ വിമർശനം ഉന്നയിച്ചവരുണ്ടായിരുന്നു. ഇന്ന് ഇതിന് വിപരീതമാണ് നടക്കുന്നതെന്നും ആദിൽ അൽ ജുബൈർ പറഞ്ഞു.
അഴിമതി കേസുകളിൽ അറസ്റ്റിലായ മന്ത്രിമാരും വ്യവസായികളും രാജകുമാരന്മാരും അടക്കമുള്ളവരിൽ നിന്ന് ഒത്തുതീർപ്പ് ധാരണയുടെ ഭാഗമായി വീണ്ടെടുക്കുന്ന ഭീമമായ പണം ജനക്ഷേമ പദ്ധതികൾക്ക് വിനിയോഗിക്കുമെന്ന് ധനമന്ത്രിമുഹമ്മദ് അൽജദ്ആൻ പറഞ്ഞു.
ഈ കൊല്ലം മാറ്റങ്ങളുടെ വർഷമാണ്. പെട്രോളിതര മേഖലയിൽ വലിയ വളർച്ച കൈവരിക്കാൻ തുടങ്ങിയിട്ടുണ്ട്. സൗദി അറേബ്യ കൈവരിക്കുന്ന സാന്പത്തിക വളർച്ചയെക്കുറിച്ച പ്രതീക്ഷ അന്താരാഷ്ട്ര നാണയ നിധി വലിയ തോതിൽ ഉയർത്തിയിട്ടുണ്ട്. വരുമാനം മാത്രം ലക്ഷ്യമിട്ടല്ല മൂല്യവർദ്ധിത നികുതി നടപ്പാക്കുന്നത്. ഇതിനു പിന്നിൽ മറ്റു ലക്ഷ്യങ്ങളുമുണ്ട്. യു.എ.ഇയും സൗദി അറേബ്യയും ഈ വർഷാദ്യം മുതൽ വാറ്റ് നടപ്പാക്കിത്തുടങ്ങി. മറ്റു ഗൾഫ് രാജ്യങ്ങളും വൈകാതെ വാറ്റ് നടപ്പാക്കുമെന്നാണ് കരുതുന്നത്.
വളരെ കുറഞ്ഞ നികുതി അനുപാതമാണ് നടപ്പാക്കുന്നത്. ഇത് സൗദി കന്പനികളുടെയും ഉൽപ്പന്നങ്ങളുടെയും മത്സരക്ഷമതയെ ബാധിക്കില്ല. മൂല്യവർദ്ധിത നികുതി നടപ്പാക്കാത്ത ഗൾഫ് രാജ്യങ്ങൾ അടക്കമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും അടക്കുന്ന മൂല്യവർദ്ധിത നികുതി തിരിച്ചുനൽകും. സ്വകാര്യ മേഖലക്കുള്ള ഉത്തേജന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.

