ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ഒമാനികളുടെ എണ്ണത്തിൽ വർദ്ധനവ്
മസ്്ക്കറ്റ് : ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ഒമാനി കളുടെ എണ്ണം വർദ്ധിച്ചതായി റിപ്പോർട്ട്. ഇന്ത്യയിൽ തുടക്കം കുറിച്ച ഇ വിസ സംവിധാനമാണ് ഇതിന് കാരണം. പേപ്പർ വിസയിൽ കുറവുണ്ടായതായും കണക്കുകൾ സൂചിപ്പിക്കുന്നു. വ്യവസായം, വിനോദ സഞ്ചാരം, ചികിത്സ എന്നീ ആവശ്യങ്ങൾക്കാണ് ഇന്ത്യയിൽ ഇ വിസ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
35,920 ഇ വിസയാണ് കഴിഞ്ഞ വർഷം ഒമാനിൽ നിന്നുള്ള സന്ദർശകർക്ക് ഇന്ത്യ അനുവദിച്ചത്. 2016ൽ ഇത് 4,741 ആയിരുന്നു. പേപ്പർ വിസയിൽ ഒമാനിൽ നിന്ന് കഴിഞ്ഞ വർഷം ഇന്ത്യയിൽ എത്തിയത് 65,658 പേരാണ്. 2016ൽ ഇത് 95,134 ആയിരുന്നു. 29,476ന്റെ കുറവുണ്ടായി. രണ്ട് വിസാ സംവിധാനങ്ങളിലുമായി 2017ൽആകെ അനുനവദിച്ചത് 101,578 സന്ദർശന വിസകളാണ്. 2016ൽ ഇത് 99,875 ആയിരുന്നു. 2017ൽ അനുവദിച്ച മെഡിക്കൽവിസയിൽ 22 ശതമാനത്തിന്റെ വർദ്ധനയുണ്ടായി.
ഇന്ത്യയിലേക്കുള്ള ഒമാൻ സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചത് സന്തോഷം നൽകുന്നതാണെന്ന് അംബാസഡർ ഇന്ദ്രമണി പാണ്ധെ പറഞ്ഞു. ഒരേ വിസയിൽ ഒന്നിൽ അധികം തവണ ഇന്ത്യ സന്ദർശിക്കാനുള്ള അവസരവും സഞ്ചാരികൾ ഉപയോഗപ്പെടുത്തുന്നത് വർദ്ധിച്ചുവെന്നും അംബാസഡർ പറഞ്ഞു.
സ്വദേശികൾ, ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാരല്ലാത്ത വിദേശികൾ എന്നിവരെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിനുള്ള നടപടി ഇന്ത്യൻ എംബസിയിടെ നേതൃത്വത്തിൽ നടന്നുവരികയാണ്. അടുത്തിടെ ഒമാന്റെ വിവിധ ഭാഗങ്ങളിൽഇന്ത്യൻ ടൂറിസത്തെ പരിചയപ്പെടുത്തുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

