സൗ­ദി­യിൽ ഇന്ധന-വൈ­ദ്യു­തി­ നി­രക്കിൽ വർ­ദ്‍ധന


ജിദ്ദ : സൗദിയിൽ ഇന്ധനവിലയിലും വൈദ്യുതി നിരക്കിലും വർദ്ധനവ്. സാധാരണ പെട്രോളിന്‍റെ വില ലിറ്ററിന് ഒരു റിയാൽ 37 ഹലാല ആയി ഉയർന്നു. അതേസമയം മുന്തിയ ഇനം പെട്രോൾ ലിറ്ററിന് തൊണ്ണൂറ് ഹലാല ആയിരുന്നത് 2.04 റിയാലായി. വാറ്റിന് പുറമെ എണ്ണവിലയും വർദ്‍ധിച്ചതോടെ സൗദിയിൽ ജീവിതച്ചിലവ് കൂടും. അതേസമയം, ഡീസൽ വില ലിറ്ററിന് 0.47 റിയാൽ, 0.378 റിയാൽ എന്നതും മണ്ണെണ്ണ വില ലിറ്ററിന് 0.64 റിയാൽ  എന്നതും പഴയപടി തുടരും. 

ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി നിരക്ക് മാസത്തിൽ 6000 യൂണിറ്റ് വരെ യൂണിറ്റിനു പതിനെട്ടു ഹലാല എന്ന തോതിലായിരിക്കും ഇനി മുതൽ ഈടാക്കുക. 6000 യൂണിറ്റിനു മുകളിൽ എത്ര ഉപയോഗിച്ചാലും യൂണിറ്റിനു മുപ്പത് ഹാലാലയായിരിക്കും പുതിയ നിക്ക്. നേരത്തെ വൈദ്യുതി നിരക്ക് 2000 യൂണിറ്റു വരെ യൂണിറ്റിനു അഞ്ചു ഹലാലയും, രണ്ടായിരം മുതൽ നാലായിരം വരെ യൂണിറ്റിനു പത്ത് ഹലാല വീതവും നാലായിരം മുതൽ ആറായിരം വരെ ഇരുപത് ഹലാല വീതവുമാണ് ഈടാക്കിയിരുന്നത്. 

മാസത്തിൽ 200 റിയാൽ വൈദ്യുതി ബിൽ അടച്ചിരുന്ന സാധാരണ ഉപയോക്താവ് ഇനി മുതൽ ഏതാണ്ട് 600 റിയാൽ അടയ്ക്കേണ്ടി വരും. വൈദ്യുതി ഉപഭോഗത്തിന്‍റെ പകുതിയിൽ കൂടുതൽ ഗാർഹിക ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന ലോകത്തിലെ ഏക രാജ്യമാണ് സൗദി. ഇതിൽ ഭൂരിഭാഗവും പാഴാക്കി കളയുകയാണെന്നാണ് റിപ്പോർട്ട്. 

രാജ്യത്തെ ബഹുഭൂരിഭാഗം ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും അഞ്ചു ശതമാനം മൂല്യ വർദ്ധിത നികുതിയും പ്രാബല്യത്തിൽ വന്നു. വിദേശ തൊഴിലാളികൾക്ക് 300 മുതൽ 400 റിയാൽ വരെ പ്രതിമാസ ലെവിയും പ്രാബല്യത്തിൽ വന്നു. ചുരുക്കത്തിൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ജീവിതച്ചെലവ് വർദ്ധിച്ചു. 

സന്തുലിത ബജറ്റ് ലാക്കാക്കി നീങ്ങുന്ന സൗദി അറേബ്യ പ്രകൃതി വിഭവങ്ങളുടെ അച്ചടക്കപൂർണമായ ഉപഭോഗം എന്ന  ലക്ഷ്യം കൂടി കൈവരിക്കാൻ ഉദ്ദേശിക്കുന്നു
ണ്ട്. അതേസമയം, സർക്കാർ സബ്‌സിഡി എടുത്തു കളയുന്നതും  ഇപ്പോഴത്തെ വില വർദ്ധനവും തമ്മിലുള്ള ബന്ധം സംബന്ധിച്ച്  മന്ത്രാലയത്തിന്റെ പ്രസ്താവന ഒന്നും  വിശദീകരിച്ചിട്ടില്ല.  വിതരണക്കാർ അമിതവില ഈടാക്കുന്നത് തടയാൻ‍ റഗുലേറ്ററി അതോറിറ്റിയുടെ നേതൃത്വത്തിൽ വിപണി നിരീക്ഷിക്കുന്നുണ്ട്. വിലയിൽ കൃത്രിമം കാണിക്കുന്നവർക്കെതിരേ പിഴശിക്ഷ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed