പാസ്പോർട്ട് പുതുക്കുന്നതിൽ പലരും അലംഭാവം കാട്ടുന്നതായി എംബസി
റിയാദ്: കാലാവധി കഴിഞ്ഞ് മൂന്ന് വർഷത്തിനുശേഷം പാസ്പോർട്ട് പുതുക്കാനെത്തുന്നവർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. പാസ്പോർട്ട് പുതുക്കുന്നതിന് കാലതാമസം വരുത്തിയതിനുള്ള കാരണവും സാഹചര്യവും വിശദീകരിച്ചായിരിക്കണം സത്യവാങ് മൂലം കോൺസുലാർ ഓഫീസർക്ക് നേരിട്ട് സമർപ്പിക്കേണ്ടത്.
കാലാവധി അവസാനിക്കുന്നതിന്റെ ഒരു വർഷത്തിനുള്ളിലോ കാലാവധി അവസാനിച്ച ശേഷമുള്ള ഒരു വർഷത്തിനുള്ളിലോ പാസ്പോർട്ട് പുതുക്കാൻ ഇന്ത്യൻ പൗരന്മാർക്ക് സാധിക്കും. ഇത്രയും മതിയായ സമയമുണ്ടായിട്ടും പലരും ഇക്കാര്യത്തിൽ അലംഭാവം കാണിക്കുന്നതായി എംബസി പറഞ്ഞു. സൗദി അറേബ്യയിൽ കുട്ടികളുടെ ജനനം ഇന്ത്യക്കാരായ രക്ഷിതാക്കൾ എംബസിയിലോ കോൺസുലേറ്റിലോ ഒരു വർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്താൽ മാത്രമേ എംബസിക്ക് അവരുടെ ജനന സർട്ടിഫിക്കറ്റും പാസ്പോർട്ടും എടുത്തു നൽകാനുള്ള നടപടികൾ സ്വീകരിക്കാനാകൂ.
എന്നാൽ മറ്റു ചില രാജ്യങ്ങളിലെ പോലെ മാതാവിന്റെ പാസ്പോർട്ടിൽ കുട്ടികളുടെ പേര് ചേർക്കുന്ന രീതി ഇന്ത്യയിലില്ല. പകരം ഓരോ പൗരനും സ്വന്തമായി പാസ്പോർട്ടാണ് നൽകുന്നത്. കുട്ടികളുടെ പാസ്പോർട്ട് എടുക്കാനുള്ള അപേക്ഷാ ഫോമിൽ മാതാവും പിതാവും ഒപ്പുവെക്കണം. ഒപ്പിന്റെ സ്ഥാനത്ത് കുട്ടിയുടെ വിരലടയാളമാണ് പതിക്കേണ്ടത്.
അപേക്ഷിക്കുന്ന സമയത്ത് മാതാപിതാക്കൾ അവരുടെ പാസ്പോർട്ടുമായി നേരിട്ട് ഹാജരായി അപേക്ഷയുടെ അനക്സ് ഡിയിൽ ഒപ്പുവെക്കണം. ഒരാളാണ് ഹാജരാകുന്നതെങ്കിൽ അനക്സ് സിയിലാണ് ഒപ്പുവെക്കേണ്ടത്. സാധാരണ പാസ്പോർട്ടിന് പത്തു വർഷം കാലാവധിയുണ്ടെങ്കിലും 18 വയസുവരെയുള്ള കുട്ടികൾക്ക് അഞ്ചുവർഷത്തെ പാസ്പോർട്ടാണ് അനുവദിക്കുന്നത്. എന്നാൽ 15 നും 18നും ഇടയിൽ പ്രായമുള്ളവരാണെങ്കിൽ അവർക്ക് 10 വർഷത്തേക്കുള്ള പാസ്പോർട്ട് ലഭിക്കും.
പാസ്പോർട്ടിന് അപേക്ഷിക്കുന്നതിന് സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് സൗകര്യമൊരുക്കാൻ എംബസിക്ക് കീഴിൽ ഏഴ് കേന്ദ്രങ്ങളും കോൺസുലേറ്റിന് കീഴിൽ നാലു കേന്ദ്രങ്ങളുമുണ്ട്. അതിന് പുറമെ പരാതികൾ പരിഹരിക്കാനും മറ്റു സേവനങ്ങൾ ഉറപ്പുവരുത്താനും ഉദ്യോഗസ്ഥർ വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്താറുമുണ്ട്.
കഴിഞ്ഞ നവംബറിൽ 11935 പാസ്പോർട്ടുകളും ഇന്ത്യയിലേക്കുള്ള വിദേശ ടൂറിസ്റ്റുകൾക്ക് 2037 വിസകളും എംബസി ഇഷ്യു ചെയ്തു. അതേസമയം, സൗദിയിലേക്ക് വരുന്നതിനുള്ള വിസ സ്റ്റാന്പ് ചെയ്ത പാസ്പോർട്ടുകൾ സൂക്ഷിക്കണമെന്ന് എംബസി എല്ലാ ഇന്ത്യൻ പൗരന്മാരോടും ആവശ്യപ്പെട്ടു.
എൻട്രി നന്പർ, പ്രൊഫഷൻ, പാസ്പോർട്ട് നന്പർ, സ്പോൺസറുടെ പേരും തിരിച്ചറിയൽ നന്പറും, വിസ സ്റ്റാന്പ് ചെയ്ത റിക്രൂട്ടിംഗ് ഏജൻസിയുടെ പേര്, ലൈസൻസ് നന്പർ, ടെലിഫോൺ നന്പർ തുടങ്ങിയ വിവരങ്ങൾ ഈ പേജിലുണ്ടാവും. ഈ പേജിന്റെ കോപ്പിഫോണുകളിലോ കുടുംബത്തിന്റെ അടുത്തോ സൂക്ഷിക്കണമെന്നും സ്
പോൺസറെ കുറിച്ചും റിക്രൂട്ടിംഗ് ഏജൻസിയെ കുറിച്ചും അറിയാൻ ഇത് ഉപകരിക്കുമെന്നും എംബസി അറിയിച്ചു.

