സൗദിയിൽ പൊതുമാപ്പ് അവസാനിച്ചു
റിയാദ് : സൗദിയിൽ പൊതുമാപ്പ് അവസാനിച്ചു. നിയമ ലംഘകരെ പിടികൂടുന്നതിനു പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇഖാമ തൊഴിൽ നിയമ ലംഘകരേയും ഹജ്ജ് ഉംറ വിസ കാലാവധി അവസാനിച്ചു രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരേയും പിടികൂടി നാടു കടത്തുന്നതിനാണ് പരിശോധന ശക്തമാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സൗദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കുന്നത്. കഴിഞ്ഞ മാർച്ച് 29 നായിരുന്നു രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് യാതൊരു പിഴയും ശിക്ഷാ നടപടികളുമില്ലാതെ രാജ്യം വിടുന്നതിനു മൂന്നു മാസത്തെ പൊതുമാപ്പ് നൽകിയത്.
കഴിഞ്ഞ ജൂൺ 25 വീണ്ടും ഒരുമാസം കൂടി പൊതുമാപ്പ് കാലാവധി നീട്ടി നൽകി. എന്നാൽ ഇന്ത്യ, പാകിസ്ഥാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ എംബസി അധികൃതർ സൗദി തൊഴിൽ, ആഭ്യന്തര മന്ത്രാലയവുമായി നടത്തിയ ചർച്ചയെ തുടർന്ന പൊതുമാപ്പ് വീണ്ടും നീട്ടി നൽകുകയായിരുന്നു.
അഞ്ച് ലക്ഷത്തി എഴുപത്തി രണ്ടായിരം പേർ ഇതിനകം പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി സൗദി ജവാസാത് വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്നലെവരെയുള്ള കണക്ക് പ്രകാരം ഇന്ത്യൻ എംബസിയിൽ ലഭിച്ച 33114 അപേക്ഷകളിൽ 32929 പേർക്കും എമർജൻസി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതായി എംബസി അറിയിച്ചു.
അനധികൃതമായി രാജ്യത്ത് കഴിയുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും രാജ്യത്തെ 13 പ്രവിശ്യകളിലും പരിശോധനശക്തമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമ ലംഘകർക്ക് തൊഴിൽ, താമസ സൗകര്യം,യാത്ര എന്നിവ ഒരുക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും ശിക്ഷ ലഭിക്കും. വിദേശികളെ ശിക്ഷ കഴിഞ്ഞാൽ നാടുകടത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
നിയമലംഘകരെ സംബന്ധിച്ചുള്ള വിവരങ്ങൾ 999 എന്ന ടോൾ ഫ്രീ നന്പരിൽ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.


