വിദേശികൾക്ക് ആദായനികുതി ബാധകമാക്കണമെന്ന നിർദ്ദേശം സമർപ്പിക്കും
റിയാദ്: രാജ്യത്ത് തൊഴിൽ കരാറിലുള്ളതിനേക്കാൾ കൂടുതൽ വരുമാനമുണ്ടാക്കുന്ന വിദേശികൾക്ക് ആദായനികുതി ബാധകമാക്കണമെന്ന നിർദ്ദേശം ശൂറാ കൗൺസിലിന് സമർപ്പിക്കുമെന്ന് കൗൺസിൽ അംഗം ഡോ. അബ്‌ദുള്ള അൽ ഫൗസാൻ പറഞ്ഞു. സൗദി തൊഴിൽ വിപണി കുത്തഴിഞ്ഞ നിലയിലാണെന്നും, വിദേശ തൊഴിലാളികൾ ഒന്നിലധികം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്നും ബലിപെരുന്നാൾ അവധിക്കുശേഷം നിർദ്ദേശം കൗൺസിലിൽ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൗദിയിലെ വിദേശ തൊഴിലാളികളിൽ നല്ലൊരു ശതമാനം പേരും തൊഴിൽ കരാറിൽ നിശ്ചയിച്ചതിലും കൂടുതൽ സന്പാദിക്കുന്നവരാണ്. ഒന്നിലധികം തൊഴിലെടുത്തും, ബെനാമി ബിസിനസുകൾ നടത്തിയുമാണ് വിദേശികൾ അനധികൃതമായി പണമുണ്ടാക്കുന്നത്. പ്രതിവർഷം 15000 കോടിയിലേറെ റിയാൽ സൗദിയിൽ നിന്നും വിദേശികൾ നിയമാനുസൃതമായി സ്വദേശങ്ങളിലേക്ക് അയക്കുന്നുണ്ട്. ഇതിനു പുറമെ കോടിക്കണക്കിന് റിയാൽ അനധികൃതമായി വിദേശികൾ നാട്ടിലേക്ക് കടത്തുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.
തൊഴിൽ കരാറുകളിൽ തൊഴിലും വേതനവും കൃത്യമായി നിർണ്ണയിച്ചിട്ടുണ്ടെങ്കിലും പലരും ഒന്നിലധികം ജോലികൾ ചെയ്‌ത് അധിക വരുമാനമുണ്ടാക്കുന്നു. റിക്രൂട്ട് ചെയ്‌തു കൊണ്ടുവന്നാൽ മാത്രം പോര, വിദേശ തൊഴിലാളികൾ ഒന്നിലധികം തൊഴിലുകൾ ചെയ്യുന്നത് വിലക്കുന്ന നിയമങ്ങൾ നിർമ്മിക്കണം. മറ്റു രാജ്യങ്ങളിലൊന്നും തൊഴിൽ കരാറിലുള്ള ജോലിക്കു പുറമെ പല ജോലികൾ ചെയ്യാൻ വിദേശ തൊഴിലാളികളെ അനുവദിക്കില്ലെന്നും ഡോ: അബ്‌ദുള്ള അൽ ഫൗസാൻ പറഞ്ഞു.

