ഹജ്ജ് അനു­മതി­ പത്രമി­ല്ലാ­തെ­ മക്കയി­ലേ­ക്ക് പ്രവേ­ശി­ക്കു­ന്നതിന് നി­രോ­ധനം നി­ലവിൽ വന്നു­


മക്ക : ഹജ്ജ് അനുമതിപത്രമില്ലാതെ മക്കയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിരോധനം. നിയമ വിരുദ്ധമായി ഹജ്ജ് നിർവ്വഹിക്കുന്നത് തടയാനാണ് പ്രവേശന നിയന്ത്രണമേർപ്പെടുത്തിയത്. ഹജ്ജ് അനുമതിപത്രമില്ലാത്തവർ കൂട്ടത്തോടെ പുണ്യസ്ഥലങ്ങളിൽ ഒഴുകിയെത്തുന്നത് ഹജ്ജ് നിർവ്വഹിക്കുന്നവർക്കും സുരക്ഷാ, ആരോഗ്യ വകുപ്പുകൾക്കും കടുത്ത പ്രയാസമാണ് സൃഷ്ടിക്കുന്നത്. ശക്തമായ ബോധവൽക്കരണ ശ്രമങ്ങളും ശിക്ഷാ നടപടികളും വഴി നിയമവിരുദ്ധ തീർത്ഥാടകരുടെ എണ്ണം ഗണ്യമായി കുറക്കാൻമുൻ വർഷങ്ങളിൽ കഴിഞ്ഞിട്ടുണ്ട്.

അനുമതിപത്രമില്ലാതെ ഹജ്ജ് നിർവ്വഹിക്കാനെത്തി കുടുങ്ങുന്നവരെ നാടുകടത്തുകയും പുതിയ വിസയിൽ വീണ്ടും സൗദിയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്യും. അനധികൃത ഹാജിമാരെ മക്കയിലേക്ക് കടത്തുന്ന സ്വദേശികൾക്കും വിദേശികൾക്കും തടവും പിഴയും വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ. ഹജ്ജ് അനുമതിപത്രമില്ലാത്തവരെ മക്കയിലേക്ക് കടത്താൻ  ശ്രമിക്കുന്ന വിദേശികളായ ഡ്രൈവർമാരെ മറ്റു ശിക്ഷാ നടപടികൾക്കു പുറ
മെ നാടുകടത്തുകയും ചെയ്യും. മക്കയുടെ പ്രവേശന കവാടങ്ങളിലൂടെ അനുമതിപത്രമില്ലാതെ തീർത്ഥാടകരെ കടത്താൻ ശ്രമിച്ച 574 ഡ്രൈവർമാർക്കാണ് കഴിഞ്ഞ വർഷം പിഴ ശിക്ഷ വിധിച്ചത്.

അനുമതി പത്രമില്ലാതെ മക്കയുടെ പ്രവേശന കവാടങ്ങളിലെത്തുന്നവരെ ചെക്ക് പോസ്റ്റുകളിൽ സുരക്ഷാ അധികൃതർ തടയുന്നുണ്ട്. അനുമതിപത്രമില്ലാതെ മക്കയിലേക്കും പുണ്യ സ്ഥലങ്ങളിലേക്കും കടക്കാൻ പാടില്ലെന്നും ഹജ്ജ് നിർവ്വഹിക്കാൻ ആഗ്രഹിക്കുന്ന സ്വദേശികളും വിദേശികളും ഹജ് അനുമതിപത്രം നേടിയിരിക്കണമെന്നും സുരക്ഷാ വകുപ്പുകൾ അറിയിച്ചു. 

പരിശോധന ശക്തമാക്കുന്നതിനായി മക്കയുടെ എല്ലാ പ്രവേശന കവാടങ്ങളിലെയും ചെക്ക് പോസ്റ്റുകളിൽ കൂടുതൽ സുരക്ഷാ ഭടന്മാരെ നിയമിച്ചിട്ടുണ്ട്. പരിശോധന എളുപ്പമാക്കാൻ  ആവശ്യമായ സാങ്കേതിക സംവിധാനങ്ങളും ഏർപ്പെടുത്തി. ഹജ്ജ് അനുമതിപത്രമില്ലാത്തവരെ മക്കയിലേക്ക് കടത്തരുതെന്ന്  സുരക്ഷാ വകുപ്പുകൾ ഡ്രൈവർമാരോട് നിർദ്ദേശിച്ചു. യാത്രക്കാരുടെ പക്കൽ ഹജ്ജ് അനുമതിപത്രമുണ്ടെന്ന് ഡ്രൈവർമാർ ഉറപ്പുവരുത്തണം. 

മക്കയിൽ പദ്ധതികൾ നടപ്പാക്കുന്ന കന്പനികളും സ്ഥാപനങ്ങളും മക്കയിൽ ജോലിക്ക് നിയമിക്കുന്ന, മക്ക ഇഖാമക്കാരല്ലാത്ത തൊഴിലാളികൾക്ക് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് പ്രത്യേക അനുമതിപത്രം നേടണം. മക്ക ഇഖാമയുള്ള വിദേശികൾക്കും മക്ക നിവാസികളായ സൗദി സ്വദേശികൾക്കും  മക്കയിൽ പ്രവേശിക്കുന്നതിന് ഹജ്ജ് അനുമതിപത്രം ആവശ്യമില്ല. മറ്റുള്ളവർക്കെല്ലാം ഹജ്ജ് അനുമതി പത്രമോ ജോലിയാവശ്യാർത്ഥം മക്കയിൽ പ്രവേശിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്ന പ്രത്യേക അനുമതിപത്രമോ ആവശ്യമാണ്. 

ഹജ്ജ് അനുമതിപത്രമില്ലാതെ മക്കയിലേക്ക് വന്നാൽ ചെക്ക് പോസ്റ്റുകളിൽനിന്ന് തിരിച്ചയക്കും. നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും സുരക്ഷാ വകുപ്പുകൾ മുന്നറിയിപ്പ് നൽകി. പുണ്യസ്ഥലങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും നിയമാനുസൃതം ഹജ്ജ് നിർവ്വഹിക്കുന്നവർക്ക് മികച്ച സേവനങ്ങൾ ഉറപ്പുവരുത്തുന്നതും ലക്ഷ്യമിട്ടാണ് ഹജ്ജിന് അനുമതിപത്രം നിർബന്ധമാക്കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed