ഈ കിരീടം എനിക്ക് വേണ്ട : അതിർത്തിയിൽ സമാധാനം ആഗ്രഹിക്കുന്നതായി വിജേന്ദർ സിങ്


മുംബൈ : ‘ഈ കിരീടം എനിക്ക് വേണ്ട, കാരണം അതിർത്തിയിൽ പ്രശ്നങ്ങൾ ഞാൻ ആഗ്രഹിക്കുന്നില്ല’ പ്രഫഷണൽ ബോക്സിങ്ങിൽ ചൈനീസ് താരം സുൽപികർ മെയ്മെയ്തിയാലിയെ തോൽപ്പിച്ചശേഷം ഇന്ത്യൻ താരം വിജേന്ദർ സിങ്ങിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. സിക്കിം മേഖലയിൽ ഇന്ത്യ – ചൈന അതിർത്തിയിൽ പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴാണ് ഇന്ത്യൻ താരവും ചൈനീസ് താരവും ബോക്സിങ് റിങ്ങിൽ ഏറ്റുമുട്ടിയത്. ഇതിനു പിന്നാലെയാണു സമാധാനത്തിന്റെ സന്ദേശവുമായി വിജേന്ദറിന്റെ പ്രതികരണമെത്തിയത്.

‘കിരീടം തിരികെ നൽകുന്നതിലൂടെ ഇന്ത്യ – ചൈന അതിർത്തിയിലെ പ്രശ്നങ്ങൾ കുറയണമെന്നാണു ഞാൻ ആഗ്രഹിക്കുന്നത്. നിലവിൽ അതിർത്തിയിൽ സാഹചര്യം വളരെ മോശമാണ്. സമാധാനത്തിന്റെ സന്ദേശം നൽകാനാണ് ആഗ്രഹിക്കുന്നത്. അവരുടെ (ചൈന) മാധ്യമങ്ങൾക്കും ജനങ്ങൾക്കും ഇതിന്റെ സന്ദേശം ലഭിക്കുമെന്നാണു മനസിലാക്കുന്നത് – വിജേന്ദർ ദേശീയ മാധ്യമത്തോടു പറഞ്ഞു.

വിജേന്ദറിന്റെ ഒൻപതാം ജയമായിരുന്നു ഇത്. വാശിയേറിയ മൽസരത്തിൽ 96–93, 95–94, 95–94 എന്നിങ്ങനെയാണു വിജേന്ദറിനു ലഭിച്ച സ്കോർ. ജയത്തോടെ, ഏഷ്യ പസിഫിക് സൂപ്പർ മിഡിൽ വെയ്റ്റ് ചാംപ്യനായിരുന്ന വിജേന്ദർ മെയ്മെയ്തിയാലിയുടെ ഓറിയന്റൽ സൂപ്പർ മിഡിൽവെയ്റ്റ് കിരീടവും സ്വന്തമാക്കിയിരുന്നു. എട്ടാം റൗണ്ടിൽ മൂക്കിൽനിന്നു രക്തം വന്നെങ്കിലും പിൻമാറാൻ വിജേന്ദർ തയാറായിരുന്നില്ല. രണ്ട് റൗണ്ടുകൾ കൂടി നീണ്ട മൽസരത്തിനൊടുവിൽ ജയം വിജേന്ദറിനൊപ്പമായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed