സൗ­ദി­ ആരോ­ഗ്യ മന്ത്രാ­ലയവു­മാ­യി­ നോ­ർ‍­ക്ക റൂ­ട്ട്സ് റി­ക്രൂ­ട്ട്മെ­ന്റ് കരാ­റിൽ ഒപ്പു­വെ­ച്ചു­


റിയാദ് : സൗദി ആരോഗ്യ മന്ത്രാലയവും കേരള സർക്കാരിന് കീഴിലുള്ള നോർക്ക റൂട്ട്സും റിക്രൂട്ട്മെന്റ് കരാർ ഒപ്പുവെച്ചു. സൗദി ആരോഗ്യ വകുപ്പിലേക്ക് ആവശ്യമുള്ള ഡോക്ടർ, നഴ്‌സ്, പാരാമെഡിക്കൽ‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുളള കരാറാണ് ഒപ്പുവെച്ചത്. ഇന്ത്യയിൽ ആറ് ഏജൻസികൾക്കാണ് സൗദി ആരോഗ്യ മന്ത്രാലയം റിക്രൂട്ട്മെന്റിന് അനുമതി നൽകിയിട്ടുള്ളത്. കേരളത്തിൽ നിന്ന് നോർക്ക റൂട്ട്സിന് പുറമെ ഒ.ഡി.പി.ഇ.സിയും ഉൾ‍പ്പെടും.

വിദേശത്ത് തൊഴിൽ തേടുന്ന മലയാളികൾക്ക് ഏറ്റവും ചുരുങ്ങിയ ചെലവിൽ മികച്ച സേവനം നൽകുന്നതിനാണ് നോർക്ക റൂട്ട്‌സ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് സൗദി ആരോഗ്യ മന്ത്രാലയ വുമായി റിക്രൂട്ട്‌മെന്റ് കരാർ ഒപ്പുവെച്ചതെന്ന് നോർക്ക റൂട്ട്‌സ് സി.ഇ.ഒ ഡോക്ടർ കെ.എൻ‍ രാഘവൻ പറഞ്ഞു. 

ഇന്ത്യൻ തൊഴിലാളികളെ ഏറെ മതിപ്പോടെയാണ് സൗദി അറേബ്യയിലെ തൊഴിലുടമകൾ കാണുന്നത്. മലയാളികളുടെ കാര്യശേഷി സൗദി അധികൃതർ പ്രത്യേകം എടുത്തു പറയുകയും ചെയ്തു. ഈ വർഷം കൂടുതൽ തൊഴിൽ‍ അന്വേഷകരെ വിദേശ രാജ്യങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നോർക്ക റൂട്ട്‌സ് ആദ്യമായാണ് ഒരു വിദേശ രാജ്യത്തെ സർക്കാർവകുപ്പുമായി റിക്രൂട്ട്‌മെന്റ് കരാർ ഒപ്പുവെക്കുന്നത്. മാസം 200 ജീവനക്കാരെ സൗദി അറേബ്യയിലേക്ക് റിക്രൂട്ട്‌ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.എൻ രാഘവൻ പറഞ്ഞു.

സൗദി ആരോഗ്യ മന്ത്രാലയത്തിന് വേണ്ടി ഹ്യൂമൻ റിസോഴ്‌സ് ജനറൽ മാനേജർ ആയദ് അൽ ഹാരതിയും നോർക്ക റൂട്ട്‌സിന് വേണ്ടി ഡോക്ടർ കെ.എൻ രാഘവനും കരാറിൽ ഒപ്പുവെച്ചു. നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ ഗോപകുമാരൻ‍ നായർ‍, സൗദി ആരോഗ്യ മന്ത്രാലയം പ്രതിനിധികൾ എന്നിവരും സന്നിഹിതരായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed