നടിയെ ഉപദ്രവിച്ച കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലേക്ക് : രണ്ട് അറസ്റ്റുകൾക്ക് കൂടി സാധ്യത
കൊച്ചി : നടിയെ ഉപദ്രവിച്ച കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലേക്ക്. കേസിൽ രണ്ട് അറസ്റ്റിനുകൂടി സാധ്യതയുണ്ട്. പ്രതിയായ നടൻ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റത്തിനുള്ള തെളിവു ശേഖരണവും പൂർത്തിയാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കുറ്റപത്രം സമർപ്പിക്കാനുള്ള തയാറെടുപ്പുകൾ പൊലീസ് തുടങ്ങി. ഗൂഢാലോചനയിൽ തെളിവുകൾ നശിപ്പിച്ചെന്ന ആരോപണം നേരിടുന്ന രണ്ട് അഭിഭാഷകരുടെ മൊഴികളാണ് അന്വേഷണത്തിൽ പൊലീസിനു തലവേദന സൃഷ്ടിക്കുന്നത്.
അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ സംബന്ധിച്ച നിർണായക ചോദ്യത്തിനുള്ള ഉത്തരം ഒഴികെ മുഴുവൻ ചോദ്യങ്ങൾക്കും വസ്തുതാപരമായി അഭിഭാഷകർ അന്വേഷണ സംഘത്തോടു മറുപടി പറയുന്നുണ്ട്. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽനിന്നു കേസിലെ മുഖ്യപ്രതിയായ സുനിൽകുമാർ (പൾസർ സുനി) കോപ്പി ചെയ്തിരുന്നു. ഇവയിൽ ചിലതാണു പൊലീസ് കണ്ടെത്തി മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.
എന്നാൽ, ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച തൊണ്ടിമുതലായ മൊബൈൽ ഫോൺ നശിപ്പിച്ചെന്ന അഭിഭാഷകരുടെ കുറ്റസമ്മതമൊഴികൾ അന്വേഷണം ദിലീപിൽ അവസാനിപ്പിച്ചേക്കും.എന്നാൽ, മാധ്യമങ്ങളോടു സംസാരിക്കാൻ ലഭിക്കുന്ന ഓരോ അവസരത്തിലും സുനിൽ, കേസിലിനിയും വലിയ സ്രാവുകൾ പ്രതി സ്ഥാനത്തുണ്ടെന്നു സൂചിപ്പിക്കുന്നുണ്ട്. പക്ഷേ, ദിലീപിന്റെ പേരു വെളിപ്പെടുത്തിയതുപോലെ മറ്റുള്ളവരുടെ പേരുകൾ വെളിപ്പെടുത്തുന്നുമില്ല. കേസ് അന്വേഷണം നീട്ടികൊണ്ടുപോകാനുള്ള സുനിലിന്റെ തന്ത്രമാണോ ഇതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

