സൗദിയിൽ കത്തി കാട്ടി മലയാളിയിൽ നിന്ന് തട്ടിയെടുത്ത കാർ കണ്ടെത്തി
റിയാദ് : കത്തി കാട്ടി ഭീഷണിപ്പെടുത്തി മലയാളിയിൽ നിന്ന് തട്ടിയെടുത്ത കാർ കണ്ടെത്തി. കഴിഞ്ഞ മാസമാണ് കാർ തട്ടിയെടുത്തത്. ജോലി കഴിഞ്ഞ് മടങ്ങിയെത്തി താമസസ്ഥലത്ത് കാർ പാർക്ക് ചെയ്യുന്പോഴാണ് ഒരു സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തി കാർ തട്ടിക്കൊണ്ടുപോയത്. റിയാദ് മലസിലെ ഒരു ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുന്ന കോട്ടയം തലയോലപ്പറന്പ് സ്വദേശി മാർട്ടിൻ കുര്യന്റെ കാറാണ് സംഘം തട്ടിയെടുത്തത്.
ഒരാൾ കഴുത്തിൽ കത്തി വച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയപ്പോൾ മറ്റൊരാൾ പേഴ്‌സും മൊബൈലും പിടിച്ചെടുത്തു. എന്നാൽ പേഴ്‌സിൽ പണമില്ലാത്തതിനാൽ അതും മൊബൈലും തിരിച്ച് നൽകി. മാർട്ടിന്റെ കൈയിലുള്ള വാച്ചും അക്രമി സംഘം തട്ടിയെടുത്തു. ഇപ്പോൾ തിരികെയെത്താം എന്ന് പറഞ്ഞ് ഒരാൾ മാർട്ടിന്റെ കാറുമായി പോയപ്പോൾ മറ്റുള്ളവർ മറ്റൊരു കാറിലും സ്ഥലം വിടുകയായിരുന്നു.
ഇതേത്തുടർന്ന് മാർട്ടിൻ ദീര പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ റിയാദിലെ മൻഫൂഹയിൽ കാർ കണ്ടെത്തിയത്. ഇടിച്ച് കേടുപാടുകൾ വരുത്തിയ നിലയിലായിരുന്നു കാർ. മാർട്ടിന് കാർ കൈമാറിയിട്ടുണ്ട്. ഇൻഷൂറൻസ് നടപടികൾക്കായി കന്പനിക്ക് കാർ കൈമാറി.

